വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തു പാട്ടിനോടനുബന്ധിച്ച് സംയുക്ത നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ 4 നടകളിലും കൊടിമരം സ്ഥാപിച്ചു. സമിതിയിൽ നിലവിൽ അംഗങ്ങളായ കെ.പി.എം.എസ് (പുന്നല, ടി.വി.ബാബു), ധീവരസഭ, എസ്.എൻ.ഡി.പി യോഗം, കേരള വേലൻ മഹാസഭ, പട്ടാര്യസമാജം, വണിക വൈശ്യസംഘം എന്നീ സംഘടനകളുടെ കൊടികൾ ഓരോ കൊടിമരത്തിലും ഉയർത്തിയിട്ടുണ്ട്.
വൈക്കം സത്യഗ്രഹം കഴിഞ്ഞ് നൂറ്റാണ്ട് പിന്നിട്ടിട്ടും വൈക്കം മഹാദേവ ക്ഷേത്രത്തിൽ ജാതിവിവേചനം നിലനിൽക്കയാണെന്ന് സമിതി നേതാക്കൾ ആരോപിച്ചു. ക്ഷേത്രത്തിലെ ആഘോഷവേളകളിലെല്ലാം ഒരു പ്രത്യേക സമുദായം ക്ഷേത്ര കാര്യങ്ങളിലെ മേൽക്കോയ്മ വ്യക്തമാക്കുന്ന തരത്തിൽ ക്ഷേത്ര ഗോപുരനടകളിൽ കൊടിമരം സ്ഥാപിക്കുക പതിവാണ്. നവോത്ഥാനത്തിന്റെ മണ്ണിൽ ഇനിയും ഇത്തരം ജാതിമേൽക്കോയ്മകൾ തുടരാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോട് ഇതര സമുദായ സംഘടനാ പ്രതിനിധികൾ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അവർ അത് അവഗണിച്ച സാഹചര്യത്തിലാണ് രണ്ടാം നവോത്ഥാന സമരത്തിന് തുടക്കം കുറിച്ച് നാല് ക്ഷേത്രഗോപുരനടകളിലും മറ്റെല്ലാ സമുദായങ്ങളുടേയും കൊടികൾ ഉയർത്തുന്നതെന്നും സംയുക്ത നവോത്ഥാന സമിതി നേതാക്കൾ അറിയിച്ചു.
ഇന്നലെ വൈകിട്ട് 5 മണിയോടെ ബോട്ട് ജെട്ടി മൈതാനിയിൽ നിന്നാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ഘോഷയാത്ര പുറപ്പെട്ടത്. ആദ്യം കിഴക്കേ ഗോപുരനടയിലും തുടർന്ന് തെക്കേ നടയിലും പടിഞ്ഞാറെ നടയിലും വടക്കേ നടയിലും കൊടിമരങ്ങൾ സ്ഥാപിച്ചു. സംയുക്ത നവോത്ഥാന സമിതി ചെയർമാൻ എം.പി.സെൻ, സമിതി കൺവീനറും ധീവരസഭ ജില്ലാ പ്രസിഡന്റുമായ ശിവദാസ് നാരായണൻ, വി.എം.ഷാജി, അഡ്വ.എ.സനീഷ് കുമാർ, ജി. ജയചന്ദ്രൻ, കെ.കെ.വിജയൻ, വി.എം.ഷാജി, എം.കെ.രാജു, എം.വി. ശിവകുമാർ, വി.ആർ.ഗിരി, മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
സംയുക്ത നവോത്ഥാന സമിതിയുടെ കൊടിമരങ്ങൾ ക്ഷേത്രഗോപുരനടകളിൽ സ്ഥാപിക്കാനായി ഘോഷയാത്രയായി കൊണ്ടു പോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |