കൊച്ചി: ആശാപ്രവർത്തകരുടെ ശമ്പളം കൂട്ടുന്നതിൽ കോർപ്പറേഷനിൽ മുന്നണികൾ തമ്മിൽ വാക്കേറ്റം. കോർപ്പറേഷനിലെ ആശ പ്രവർത്തകർക്ക് ശമ്പളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർ മിനിമോൾ നൽകിയ പ്രമേയത്തിന്റെ ചർച്ചയിലാണ് മുന്നണികൾ തമ്മിൽ വാക്പോര് നടന്നത്. മിനിമോളുടെ പ്രമേയം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കേന്ദ്രത്തിന്റെ പദ്ധതിയാണ് ആശ. സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം നൽകുന്നുണ്ട്. എസ്.യു.സി.ഐ ആണ് സമരം നടത്തുന്നത്. ഐ.എൻ.ടി.യു.സി പോലും സമരത്തെ പിന്തുണയ്ക്കുന്നില്ല. കേന്ദ്രത്തെ പറ്റിയും എവിടെയും പരാമർശിക്കുന്നില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് 500 രൂപയായിരുന്ന വിഹിതമാണ് ഇപ്പോൾ 7000 ആക്കി വർദ്ധിപ്പിച്ചതെന്നും അംഗങ്ങൾ പറഞ്ഞു.ഇപ്പോൾ ഈ പ്രമേയം കൊണ്ടുവന്നിരിക്കുന്നത് രാഷ്ട്രീയ താത്പര്യം മാത്രമാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എ. ശ്രീജിത്ത്, സി.എ. ഷക്കീർ, കൗൺസിലർമാരായ ആർ. രതീഷ്, രചന തുടങ്ങിയവർ പറഞ്ഞു.
എന്നാൽ, കോർപ്പറേഷന്റെ ഫണ്ടിൽ നിന്ന് പണം അനുവദിക്കുന്നത് ആശാപ്രവർത്തകർക്ക് ഗുണകരമാകുമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ ആന്റണി കുരീത്തറ, വി.കെ. മിനിമോൾ, മനുജേക്കബ്, ആന്റണി പൈനുതറ, ഹെൻട്രി ഓസ്റ്റിൻ, ഷക്കീർ തമ്മനം, ബി.ജെ.പി കൗൺസിലർമാരായ പ്രിയ പ്രശാന്ത്, പദ്മജ എസ്. മേനോൻ എന്നിവർ ആവശ്യപ്പെട്ടു. തുടർന്ന് വോട്ടെടുപ്പ് നടത്തണമെന്ന മിനിമോളുടെ ആവശ്യം മേയർ തള്ളി. നിലവിൽ ശമ്പളം വർദ്ധിപ്പിക്കുന്നതിനായി തൊഴിൽ വകുപ്പ് മന്ത്രി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് പറഞ്ഞാണ് മേയർ പ്രമേയം തള്ളിയത്.
താൻ എന്നും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും ആശാസമരം പറയുമ്പോൾ എല്ലാ തൊഴിലാളികളെ പറ്റിയും പറയണമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. ആശ പ്രവർത്തകരുടേതടക്കം കഴിഞ്ഞ ഒരുവർഷത്തെ തുക കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ആശ പ്രവർത്തകരെ വർക്കർമാരായി അംഗീകരിക്കണമെന്നാണ് ആഗ്രഹം. അത് നടപ്പിലാക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |