ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള പാക് വംശജനായ പ്രതി തഹാവൂർ റാണയുമായി യു.എസിൽ നിന്ന് പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് ഇയാൾ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് കോടതിയിൽ ഹാജരാക്കിയശേഷം തീഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. പ്രത്യേക സെല്ലിലായിരിക്കും പാർപ്പിക്കുന്നത്.
പിന്നീട് വിചാരണയ്‌ക്കായി മുംബയിലേക്ക് കൊണ്ടുപോകും.
ഇന്ത്യയ്‌ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന തഹാവൂർ റാണയുടെ ഹർജി യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. പാർക്കിൻസൺസ് രോഗം, മൂത്രാശയ കാൻസർ, ഉദരത്തിൽ അയോർട്ടിക് അന്യൂറിസം തുടങ്ങിയ രോഗങ്ങളുള്ളതിനാൽ യു.എസിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു റാണയുടെ അപേക്ഷ.ഈ രോഗാവസ്ഥയിൽ ഇന്ത്യയിൽ വിചാരണ നേരിട്ടാൽ അധികകാലം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 26/11 മുംബയ് ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ ഇന്ത്യയിൽ വിചാരണ നേരിടുമെന്ന് പ്രഖ്യാപിച്ചതോടെ നാടുകടത്തൽ ഉറപ്പായിരുന്നു.
ലഷ്‌കർ-ഇ-തയ്ബ,
ഐ.എസ്.ഐ ബന്ധം
# 2008 നവംബർ 26-ന് 166 പേരുടെ മരണത്തിൽ കലാശിച്ച മുംബയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ (64). ജനനം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ. പാക് ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചു. ബിസിനസുമായി 1997മുതൽ കാനഡയിൽ. ഹെഡ്‌ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ.എസ്.ഐയിലേക്കും അടുപ്പിച്ചു.
# എൻ.ഐ.എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കർ ഇ തയ്ബ സ്ഥാപകൻ സാക്കിയുർ റഹ്‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ സന്ദർശിച്ചതും ഭീകരർക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തിൽ. യു.എസ് അന്വേഷണ ഏജൻസി എഫ്.ഐ.ബി 2009 ഒക്‌ടോബറിൽ ഹെഡ‌്‌ലിയെയും റാണയെയും അറസ്റ്റു ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |