□'മലപ്പുറം" പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് പിന്തുണ
ചേർത്തല : ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിജയിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ ഘട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച സാമുദായിക നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗം നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ചേർത്തല യൂണിയൻ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാനുള്ള ആർജ്ജവം അണികൾക്ക് പകർന്നു കൊടുത്ത നേതാവാണ് വെള്ളാപ്പള്ളി. കുമാരനാശാൻ പോലും 16വർഷം തുടർന്ന സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിന്റെ നേതൃസിദ്ധി അളക്കാവുന്നതാണ്. കേരളത്തിന്റെ ഇന്നത്തെ നിലയിലുള്ള വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത എസ്.എൻ.ഡി.പി യോഗം പോലെയുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദം ഒരു വ്യക്തി പൂർത്തിയാക്കുന്നത് അപൂർവതയാണ്. അദ്ദേഹത്തിന്റെ കർമ്മശേഷിയും നേതൃപാടവവും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി ഇരിക്കുന്നതിന് ഇടയാക്കി. എസ്.എൻ.ഡി.പി യോഗത്തിനൊപ്പം എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി. രണ്ട് സുപ്രധാന ചരിത്ര നിയോഗങ്ങളുടെയും നെറുകയിലാണ് വെള്ളാപ്പള്ളി നടേശൻ എത്തിനിൽക്കുന്നത്.
സമൂഹത്തിൽ തുടർച്ചയായി സ്നേഹവിശ്വാസങ്ങൾ നേടിയെടുക്കുക, നിലനിറുത്തുക, അണികളും പ്രസ്ഥാനവും ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാനുള്ള ആർജ്ജവം കാണിക്കുക എന്നിവ എളുപ്പമല്ല. ആ കാര്യമാണ് വെള്ളാപ്പള്ളി അനായാസം നിർവഹിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിച്ചു. ഒരു സംഘടനയുടെ അമരക്കാരനായിരുന്ന് ആ സംഘടനയ്ക്ക് ദൗർബല്യമുണ്ടാക്കുന്ന ഇടപെടലുകളല്ല ഉണ്ടായത്. കൂടുതൽ വളർച്ചയിലേക്ക് നയിക്കാൻ കഴിഞ്ഞ അദ്ദേഹം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളമാണ് നമ്പർ വൺ. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശങ്ങൾ പൂർണമായും ഉൾക്കൊണ്ട് നടത്തിയ ഇടപെടലുകളുടെ ഫലമാണിത്. സാമുദായിക നവീകരണം മാത്രമല്ല, കേരളത്തിന്റെ സമഗ്ര വികസനമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജാതി,മത വിദ്വേഷങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ കേരളം വേറിട്ട് നിൽക്കുന്നു. ജാതിഭേദമില്ലാതെ നാടിനെ മാറ്റണമെന്ന ഗുരുവിന്റെ ആഹ്വാനം നാട് സ്വീകരിച്ചതാണ് ഇതിനിടയാക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും, വ്യവസായ രംഗത്തും ഇതേ ഉയർച്ച നേടാനായി. അതുകൊണ്ടാണ് ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തയ്യാറായത്. എല്ലാവരെയും ഒന്നിപ്പിച്ച ഗുരുവിന്റെ ആശയങ്ങൾക്ക് പ്രസക്തിയേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നാവിന്
സരസ്വതീവിലാസം
വെള്ളാപ്പള്ളിയുടെ നാവിന് സരസ്വതീവിലാസമുണ്ടെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. അദ്ദേഹത്തിന് കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനറിയാം. ചില വിവാദങ്ങൾ അടുത്തിടെയുണ്ടായി. ഏതെങ്കിലും മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമില്ല. പ്രസംഗത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പുറത്തുവന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായി പറഞ്ഞത് മതത്തിനെതിരെയാണെന്ന് ദുർവ്യാഖ്യാനം ചെയ്തു. യാഥാർത്ഥ്യം വച്ചുകൊണ്ടാണ് രാഷ്ട്രീയ പാർട്ടിക്കെതിരെ പറഞ്ഞത്. ആ പാർട്ടിയെ സംരക്ഷിക്കാൻ താത്പര്യമുള്ളവർ അതിനെതിരായി വന്നു. പ്രസംഗാവതരണത്തിൽ വെള്ളാപ്പള്ളിയും കൂടുതൽ ശ്രദ്ധ പുലർത്തണം. അത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കുറവ് വന്നതുകൊണ്ടല്ലെന്നും, എന്തിനെയും വക്രീകരിക്കാനുള്ള ശ്രമം നാട്ടിൽ നടക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |