രാഷ്ട്രപതിക്കും മൂന്ന് മാസ പരിധി ബാധകം
സുപ്രീംകോടതി അംഗീകരിച്ച 10 ബില്ലും നിയമമാക്കി തമിഴ്നാട്
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണറെപ്പോലെ രാഷ്‌ട്രപതിക്കും മൂന്നു മാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി. സുപ്രീംകോടതി അമിതാധികാരം പ്രയോഗിച്ചെന്ന് കേരള ഗവർണർ ആർ.വി. ആർലേക്കറുടെ വിമർശനം.
ഇതിനിടെ, രാഷ്‌ട്രപതിയുടെ പക്കലുള്ള 10 ബില്ലുകൾ പാസായതായി സുപ്രീംകോടതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇവയെ നിയമമാക്കി വിജ്ഞാപനമിറക്കി തമിഴ്നാട്. ഗവർണർ -സർക്കാർ അധികാരപ്പോരിൽ ഇന്നലത്തെ നീക്കങ്ങൾ തീർത്തും അസാധാരണമായിരുന്നു.
ഭരണഘടനാ ദേദഗതി പാർലമെന്റിന്റെ അധികാരമാണ്. ബില്ലുകളിൽ സുപ്രീംകോടതി ഇതാണ് പ്രയോഗിച്ചതെന്നും വിധി ഭരണഘടനാ ബെഞ്ചിന്റേത് പോലുമല്ലെന്നും ഒരു ദേശീയ ദിനപത്രത്തോട് ഗവർണർ ആർലേക്കർ പറഞ്ഞു. ബില്ലിൽ ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുമ്പോൾ അത് ഭരണഘടനാ ഭേദഗതിയാവും. കോടതി ഭേദഗതി വരുത്തിയാൽ നിയമസഭയുടെയും പാർലമെന്റിന്റെയും ആവശ്യമെന്താണ്. രണ്ട് ജഡ്‌ജിമാർ ചേർന്ന് ഇങ്ങനെ തീരുമാനിക്കുന്നത് അതിരുകടന്ന നടപടിയാണ്.
അതേസമയം, ഗവർണർ ആർ.എൻ. രവിക്കെതിരെ തമിഴ്നാട് നൽകിയ കേസിന്റെ വിധിപ്പകർപ്പ് സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് രാഷ്‌ട്രപതിക്കും ബാധകമെന്നകാര്യം പുറത്തുവന്നത്. പിന്നാലെയാണ് തമിഴ്നാടിന്റെ ഗസറ്റ് വിജ്ഞാപനം. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നതും ആദ്യം.
രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് ഈ മാസം 8ന് വിധിയെഴുതിയത് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാം.
തടസമെന്തെന്ന് രാഷ്ട്രപതി
സംസ്ഥാനത്തെ അറിയിക്കണം
രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അധികാര ദുർവിനിയോഗം. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നീണ്ടാൽ കോടതിക്ക് ഇടപെടാം
ബില്ലിന് അംഗീകാരം നിഷേധിക്കുന്നതിന്റെ കാരണം രാഷ്‌ട്രപതി സംസ്ഥാനത്തെ അറിയിക്കണം. ഭേദഗതികൾ അനിവാര്യമെങ്കിൽ അക്കാര്യം വ്യക്തമാക്കണം
രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുംമുമ്പ് സംസ്ഥാനങ്ങൾ കേന്ദ്രവുമായി കൂടിയാലോചിക്കണം
സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ കേന്ദ്രം സമയബന്ധിതമായി പരിഗണിക്കണം. ഇതുവഴി കേന്ദ്ര-സംസ്ഥാന ബന്ധം സുഗമമാവും
ഭരണഘടനാ വിരുദ്ധമായ ഘടകങ്ങളുടെ പേരിൽ ബിൽ മാറ്റിവച്ചാൽ രാഷ്‌ട്രപതി കോടതിയുടെ ഉപദേശം തേടണം
പിണറായിയുമായി
ഊഷ്മള ബന്ധം
രാജ്‌ഭവനിൽ ബില്ലുകൾ തീർപ്പാക്കാനില്ലെന്നും പരിഗണനയ്‌ക്കു വന്നവയെല്ലാം പരിശോധിച്ചെന്നും ഗവർണർ ആർലേക്കർ പറഞ്ഞു. രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് മുൻ ഗവർണറയച്ച ചില ബില്ലുകളിൽ അനുമതിയായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഊഷ്മള ബന്ധമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുന്നതാണ് എന്റെ രീതി. മേശയ്‌ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്‌താൽ പല പ്രശ്‌നങ്ങൾക്കും പരിഹാരമാവും. ആരിഫ് മുഹമ്മദ് ഖാനും സർക്കാരുമായുള്ള ഏറ്റുമുട്ടൽ പരാമർശിക്കവെ ഒരു കൈ മാത്രം ഉപയോഗിച്ചാൽ ശബ്‌ദം വരില്ലെന്നായിരുന്നു മറുപടി. മുൻ ഗവർണറും എസ്.എഫ്.ഐയുമായുണ്ടായ തർക്കത്തിൽ, അവകാശങ്ങൾ നേടിയെടുക്കാൻ ക്യാമ്പസ് രാഷ്‌ട്രീയം അനിവാര്യമല്ലെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |