തൃശൂർ: ഓൺലൈൻ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ പിടിയിൽ. ഓസ്റ്റിൻ ഓഗ്ബയെയാണു തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവിധ വ്യാജ വാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവത്തിന്റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിൽ നിന്ന് പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെടുകയായിരുന്നു.
സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ വന്നതാണെന്നും കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്‌റ്റിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു. ബോക്‌സുകൾ ഓതറൈസേഷൻ കൊണ്ടുവരുന്നതിനായി പണമയച്ച് തരണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കൈപറ്റുകയായിരുന്നു.
പിന്നീട് തട്ടിപ്പാണെന്നു മനസ്സിലാക്കിയ തൃശൂർ സ്വദേശി ഉടൻ തന്നെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശത്തിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
പണം അയച്ച രേഖകളിലും ഫേസ്ബുക്കുമായി ബന്ധപ്പെട്ട രേഖകളിലും നടത്തിയ പരിശോധനയിലാണ് ഇതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പിലെ ഒരു സംഘമാണെന്ന് കണ്ടെത്തിയത്. നൈജീരിയൻ സ്വദേശിയെ മുംബയ് പൊലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബയ് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്‌തു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |