കോതമംഗലം/ഇടുക്കി: ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാൻ അമ്മയോടൊപ്പം യാത്രചെയ്ത പെൺകുട്ടി ബസ് അപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചു. നേര്യമംഗലത്തിനു സമീപം മണിയമ്പാറയിലാണ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടത്. ഇടുക്കി കീരിത്തോട് തെക്കുംമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനിന്റ മത്തായി (14) ആണ് മരിച്ചത്. അനിന്റയുടെ മാതാവ് മിനി ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അനിന്റയുടെ സഹോദരി അമാൻഡ ചികിത്സയിലായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മിനി കോതമംഗലത്തെ ആശുപത്രിയിലായതിനാൽ അമാൻഡയെയും അവിടേക്കു മാറ്റി.
നീണ്ടപാറ നെടുംകണ്ണിൽ ഐശ്വര്യ (25) കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും ഈസ്റ്റ് വാഴപ്പിള്ളിയിലെ ജൂലിയാന (74), നേര്യമംഗലം കച്ചിറയിൽ എൽസി (65) എന്നിവർ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു.
കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് 20 അടിയോളം താഴ്ചയിലേക്ക് ഊർന്നുപതിക്കുകയായിരുന്നു. ഡ്രൈവറുടെ പിന്നിലെ സീറ്റിൽ അമ്മയ്ക്കൊപ്പം ഇരുന്ന അനിന്റ മുൻഗ്ലാസ് തകർന്ന് പുറത്തേക്ക് തെറിച്ചുവീണ് ബസിന്റെ അടിയിൽ കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും ശ്രമം വിഫലമായതിനെ തുടർന്ന് ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയാണ് അനിന്റയെ പുറത്തെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസിനടിയിൽ കുടുങ്ങി കിടക്കുന്ന മകളെക്കണ്ട് വാവിട്ട് നിലവിളിച്ച മിനി അപകടസ്ഥലത്തുണ്ടായിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപ്പെട്ട ബസിന്റെ ഇൻഷ്വറൻസ് കാലാവധി 2023 മാർച്ച് 22ന് കഴിഞ്ഞുവെന്നാണ് വിവരം.
പാട്ടുകാരി, പഠിക്കാനും മിടുക്കി
കഞ്ഞിക്കുഴി എസ്.എൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അനിന്റ. അച്ചൂട്ടി എന്നാണ് നാട്ടുകാരും വീട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നത്. ഗായികയാണ്. പഠനത്തിലും മിടുക്കിയായിരുന്നു. സ്‌കൂൾ ഗായക സംഘത്തിലും നൃത്ത സംഘത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു. കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെയും ഗായക സംഘാംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കത്തിപ്പാറത്തടം സെന്റ് ജോർജ് സുറിയാനി പള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |