മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചതോടെ ചർച്ചകൾ വഴിമുട്ടി. ഇതോടെ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻതൂക്കം നേടുകയെന്ന യു.ഡി.എഫ് പദ്ധതി നടപ്പായേക്കില്ല. ആര്യാടൻ ഷൗക്കത്തിന് വേണ്ടി എ ഗ്രൂപ്പും ജോയിക്ക് വേണ്ടി ഔദ്യോഗിക ഗ്രൂപ്പും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇരുവരും കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ നേരിൽകണ്ട് സീറ്റിനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതൃത്വത്തെ കണ്ടും പിന്തുണ തേടി. രണ്ട് പേരെയും പിണക്കാതെയും വിശ്വാസത്തിലുമെടുത്ത് പ്രശ്ന പരിഹാരമെന്നതാണ് കോൺഗ്രസിന് മുന്നിലുള്ള പ്രതിസന്ധി. ജില്ലയിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് പരിഹരിക്കാൻ മുന്നിൽ നിൽക്കേണ്ട ഡി.സി.സി പ്രസിഡന്റ് തന്നെ തർക്കത്തിന്റെ ഒരുഭാഗത്ത് എന്നത് പ്രതിസന്ധിയാണ്. തർക്കം ഒഴിവാക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എ.പി. അനിൽകുമാർ എന്നിവർ സമിതിയംഗങ്ങളുമാവുമെന്നാണ് വിവരം.
അനുനയ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എ.പി. അനിൽകുമാർ ആര്യാടൻ ഷൗക്കത്തുമായി ഏറെനേരം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിന്നാൽ എല്ലാവർക്കും സ്വീകാര്യനായ പൊതുസ്വതന്ത്രനെ കളത്തിലിറക്കേണ്ടി വരുമോ എന്ന ചർച്ചയും അണിയറയ്ക്കുള്ളിലുണ്ട്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റ് ലക്ഷ്യമിടുന്ന വി.എസ്. ജോയിയെ നിലമ്പൂരിൽ സ്ഥാനാർത്ഥിത്വത്തിനായി കളത്തിലിറക്കിയത് ഷൗക്കത്തിനെ വെട്ടാനുള്ള എതിർഗ്രൂപ്പുകളുടെ പദ്ധതിയാണോ എന്ന സംശയവും എ ഗ്രൂപ്പിനുണ്ട്. മറ്റൊരു സ്ഥാനാർത്ഥിക്ക് കളമൊരുക്കാനും ഷൗക്കത്തിനെ നിലമ്പൂരിൽ നിന്ന് മാറ്റിനിറുത്താനുമാവും.
2026ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.വി.അൻവറിന് നിലമ്പൂരിൽ ഷൗക്കത്ത് മത്സരിക്കുന്നതിനോട് താത്പര്യമില്ല. യു.ഡി.എഫ് പ്രവേശനം സാദ്ധ്യമാവുകയും നിലമ്പൂരിൽ ഷൗക്കത്ത് വിജയിക്കുകയും ചെയ്താൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം എളുപ്പമാവില്ല. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാവെന്ന പ്രതിച്ഛായയും മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ച അനുഭവവും കൈമുതലായുള്ള വി.എസ്. ജോയിയെ കേരളത്തിലെവിടെയും മത്സരിപ്പിക്കാം. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആര്യാടൻ ഷൗക്കത്തിന് ഈ സാദ്ധ്യതയില്ല. ഷൗക്കത്ത് വിരുദ്ധർക്കുള്ള അൻവറിന്റെ പിന്തുണ ഇതുകൂടി ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പ്രചാരണം തുടങ്ങി അണികൾ
വി.എസ്.ജോയിയും ആര്യാടൻ ഷൗക്കത്തും അനൗദ്യോഗികമായി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നം വരച്ച് മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ സ്ഥാനാർത്ഥിയുടെ പേര് വ്യക്തമാക്കാതെ വീഡിയോ പ്രചാരണങ്ങളും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് വിഭാഗത്തിന്റെയും അണികൾ സ്ഥാനാർത്ഥികളുടെ ഫോട്ടോ ഉൾപ്പെടുത്തി പ്രചാരണത്തിന് തുനിയുമോ എന്ന ഭയം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് നിലമ്പൂർ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പോരിനിറങ്ങിയ അൻവറിനെ തളയ്ക്കാൻ നിലമ്പൂരിൽ എൽ.ഡി.എഫ് ഏത് അടവും പയറ്റുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക് പോവാതെ പരിഹരിക്കാൻ തലപുകയ്ക്കുകയാണ് കോൺഗ്രസ് നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |