അമ്മയ്‌ക്ക് മാനസിക രോഗമെന്ന് മകൻ
ബംഗളൂരു: കർണാടക മുൻ ഡി.ജി.പി ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് പൊലീസ്. എന്നാൽ പ്രകാശിനെ കൊന്ന അമ്മ പല്ലവിയ്ക്ക് മാനസിക രോഗമുണ്ടെന്ന് മകൻ കാർത്തിക് പൊലീസിന് മൊഴി നൽകി. 12 വർഷത്തിലധികമായി അമ്മ സ്‌കീസോഫ്രീനിയക്ക് ചികിത്സയിലാണ്. മരുന്നും കഴിക്കുന്നുണ്ട്. അച്ഛൻ ആക്രമിക്കാൻ വരുന്നുവെന്നതും തോക്ക് ചൂണ്ടിയെന്നതുമെല്ലാം അമ്മയുടെ തോന്നലാണ്. സഹോദരി കൃതിക്കെതിരെയും കാർത്തിക് മൊഴി നൽകിയിട്ടുണ്ട്.
കാർത്തിക്കിന്റെ പരാതിയിൽ പല്ലവിക്കും കൃതിക്കുമെതിരെ കേസെടുത്തു. ഇരുവരും അറസ്റ്റിലാണ്. എന്നാൽ അടുത്തിടെ സഹോദരി സരിതാ കുമാരിയുടെ പേരിൽ പ്രകാശ് വസ്തു വാങ്ങിയിരുന്നു. അത് തന്റെ പേരിലേക്ക് മാറ്റണമെന്ന് പല്ലവി ആവശ്യപ്പെട്ടെങ്കിലും പ്രകാശ് തയ്യാറായില്ല. ഇതേത്തുടർന്ന് വീട്ടിൽ വഴക്കായപ്പോൾ പല്ലവി മുളകുപൊടി ഭർത്താവിന്റെ മുഖത്തു വിതറി. തുടർന്ന് കത്തികൊണ്ട് പലതവണ കുത്തി. നെഞ്ചിലും വയറിലും കൈയിലുമായി പത്ത് കുത്തേറ്റു. വയറിൽ അഞ്ച് തവണ കുത്തി. പ്രകാശ് പിടഞ്ഞു മരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയിലിരുന്ന് കണ്ടു. വീട്ടിലുണ്ടായ മകൾ പ്രകാശിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
പ്രകാശിന്റെ മുഖം തുണികൊണ്ട് മൂടിയ ശേഷമാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കാൾ ചെയ്ത് 'ആ പിശാചിനെ ഞാൻ കൊന്നു' എന്നറിയിച്ചത്.
കുത്തിയ കത്തി, ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ പൊലീസ് കണ്ടെത്തി. ആത്മരക്ഷാർത്ഥമാണ് ഭർത്താവിനെ കൊന്നതെന്നാണ് പല്ലവിയുടെ മൊഴി. ഞായറാഴ്ച വൈകിട്ടാണ് ഓം പ്രകാശിനെ ബംഗളൂരുവിലെ വസതിയിൽ കൊല്ലപ്പെട്ടത്.
ഒരാഴ്ചയ്ക്ക് മുൻപ് ഭീഷണി
അമ്മ അച്ഛനെ കഴിഞ്ഞ ഒരാഴ്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാർത്തിക് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പ്രകാശ് സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. രണ്ടു ദിവസം മുൻപ്, കൃതി അച്ഛനെ വീട്ടിലേക്ക് നിർബന്ധിച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു. കൊല നടന്നപ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ല. അയൽക്കാരൻ വിളിച്ചാണ് വിവരമറിയിച്ചത്. അതേസമയം വീട്ടിലെത്തിയ കാർത്തിക് അമ്മയെയോ സഹോദരിയെയോ നേരിട്ട് കുറ്റപ്പെടുത്താൻ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. മുൻപും ഭർത്താവിനെതിരെ പല്ലവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. അന്ന് അവർ സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്
ഓം പ്രകാശ് തനിക്ക് വിഷം നൽകിയിരുന്നുവെന്ന് പറഞ്ഞ് പല്ലവി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളും പുറത്തായിട്ടുണ്ട്. താൻ വീട്ടിൽ ബന്ദിയാണെന്നും പ്രകാശിന്റെ ആളുകൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അവർ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ പല്ലവിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ അവർ അയച്ച സന്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. 'വർഷങ്ങളായി ഞാൻ അദ്ദേഹത്തോട് വേറെ താമസിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഞാൻ തനിച്ച് എവിടെ പോയാലും, ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലർത്തുന്നത് തുടങ്ങും. വീട്ടുജോലിക്കാരെ ഉപയോഗിച്ചും എന്റെ ഭക്ഷണത്തിൽ വിഷം കലർത്താറുണ്ടായിരുന്നു. എന്റെ മകൾ കൃതിയും കഷ്ടപ്പെടുകയാണ് അതിനാൽ എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല' പല്ലവി അയച്ച സന്ദേശങ്ങളിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |