സിന്ധു ജലകരാർ റദ്ദാക്കി
വാഗ അതിർത്തി അടയ്ക്കും
പാക് പൗരൻമാർക്ക് വിലക്ക്
48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
രാമചന്ദ്രന്റെ ഭൗതികദേഹം കൊച്ചിയിലെത്തിച്ചു
ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ അരുംകൊല ചെയ്തതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ, ഇന്ത്യ ശക്തമായ തിരിച്ചടി നടപടികൾ തുടങ്ങി. പാക് പൗരൻമാർക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. നയതന്ത്ര ബന്ധം കുറച്ചു. പഞ്ചാബിലെ വാഗ അട്ടാരി അതിർത്തി അടയ്യ്ക്കും. സിന്ധു നദീജല കരാർ മരവിപ്പിക്കാനും തീരുമാനിച്ചു. സൈനിക നടപടി ഏതുനിമിഷവും ഉണ്ടാവാം. സജ്ജമാകാൻ സൈന്യത്തിന് അടിയന്തര നിർദ്ദേശം നൽകി. ആക്രമണം മുന്നിൽക്കണ്ട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാൻ ആളുകളെ ഒഴിപ്പിച്ചു.
രാവിലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ മൂന്ന് സായുധ സേനാ മേധാവികളും അജിത് ഡോവലും രണ്ടര മണിക്കൂർ ചർച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സുരക്ഷാ സമിതിയാണ് കടുത്ത തീരുമാനങ്ങളെടുത്തത്. പാക് പൗരൻമാർക്ക് അനുവദിച്ച വിസ റദ്ദാക്കും. സാർക്ക് വിസ അനുവദിക്കില്ല. ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. ഡൽഹിയിലെ പാക് ഹൈക്കമ്മിഷണർ ഓഫീസിലെ സൈനിക അറ്റാഷെമാരും അനുബന്ധ ജീവനക്കാരും ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുപോകണം. ഇവർ ഭീകരരെ സഹായിക്കുന്നെന്നാണ് വിലയിരുത്തൽ.
പാക് അറ്റാഷെമാരെ ഇനി അനുവദിക്കില്ല. ഇസ്ളാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ അറ്റാഷെമാരെ പിൻവലിക്കും. അവിടത്തെ അംഗബലം 55ൽ നിന്ന് 30 ആയി കുറയ്ക്കും. വാഗ വഴി പാകിസ്ഥാനിൽ പോയവർ മേയ് ഒന്നിന് മുൻപ് തിരിച്ചെത്തണം. സിന്ധു, ചെനാബ്, ഝലം നദികളിൽ നിന്ന് വെള്ളം നൽകുന്ന കരാർ മരവിപ്പിച്ചത് പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാക്കും. അതിനിടെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ആക്രമണത്തിൽ പങ്കില്ലെന്ന പതിവ് പ്രസ്താവനയുമായി പാകിസ്ഥാൻ രംഗത്തുവന്നു.
സൗദിയിൽനിന്ന് ഇന്നലെ പുലർച്ചെയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ വച്ച് വിമാനത്താവളത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ പഹൽഗാമിലെത്തി സാഹചര്യം നേരിട്ട് വിലയിരുത്തി. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തി പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു. തുടർന്നാണ് മന്ത്രിതല സമിതി യോഗം ചേർന്നത്. മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, എസ്. ജയശങ്കർ,അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അവരവരുടെ നാടുകളിലെത്തിച്ചു. ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ ഭൗതികദേഹം ഇന്നലെ രാതി 8 മണിയോടെ നെടുമ്പാശേരിയിൽ കൊണ്ടുവന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റി. നാളെ 11.30ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ആസൂത്രണം പാകിസ്ഥാനിൽ
ഭീകരരെ തിരിച്ചറിഞ്ഞു
ലഷ്കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് ഉത്തരാവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാൻ സ്വദേശികളായ ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് അക്രമം നടത്തിയതെന്ന വിവരം പുറത്തുവന്നു. ഇവരുടെ രേഖാചിത്രം ഇന്നലെ സൈന്യം പുറത്തുവിട്ടിരുന്നു. പഹൽഗാമിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. ലഷ്കർ ഡെപ്യൂട്ടി കമാൻഡർ സൈഫുള്ള ഖാലിദ് പാകിസ്ഥാനിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് വിവരം. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 20ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പാകിസ്ഥാനെതിരെ
കാശ്മീരി ജനത
പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും പാക് പതാക കത്തിച്ചും ജമ്മുകാശ്മീർ ജനത ഒന്നടങ്കം തെരുവിൽ
ബരാമുള്ളയിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗുൽഗാമിൽ രാത്രി വൈകിയും ഏറ്റുമുട്ടൽ, റസിസ്റ്റന്റ് ഫ്രണ്ട് കമാൻഡറെ വളഞ്ഞു
ഐജിയുടെ നേതൃത്വത്തിൽ എൻ.ഐ.എ സംഘം ബൈസരനിൽ അന്വേഷണം തുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |