മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടൽ വഴി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 23,000 പേർ. രജിസ്‌ട്രേഷൻ സുഗമമാക്കാനായി ആരംഭിച്ച അതിഥി മൊബൈൽ ആപ്പിലൂടെയാണ് ജില്ലയിൽ കൂടുതൽ പേരും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരംഭ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാൻ അധിക പേരും മുന്നോട്ട് വന്നില്ലെങ്കിലും തുടർച്ചയായ ബോധവൽക്കരണത്തിലൂടെയാണ് വലിയ വർദ്ധനവ് ഉണ്ടായതെന്ന് അധികൃതർ പറയുന്നു. ഇനിയും അതിഥി തൊഴിലാളികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് സമ്പൂർണ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ 2023ലാണ് അതിഥി പോർട്ടൽ ആരംഭിച്ചത്. തുടർന്ന് ഇതിനായി മൊബൈൽ ആപ്പും ആരംഭിച്ചു.
പദ്ധതി ഇങ്ങനെ
രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ അതിഥി കാർഡ് ലഭിക്കും. പേര്, ഫോട്ടോ, സ്വന്തം നാട്ടിലെ വിലാസം, കേരളത്തിലെ വിലാസം, അനുവദിച്ച തിയ്യതി തുടങ്ങിയ വിവരങ്ങളാണ് കാർഡിൽ രേഖപ്പെടുത്തുക. മൊബൈൽ ആപ്പിലൂടെ തൊഴിലാളികൾക്ക് നേരിട്ട് രജിസ്‌ട്രേഷൻ നടത്താം. തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. www.athidhi.lc.kerala.gov.in എന്ന ലിങ്കിലെത്തി മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ. ഫോട്ടോയും തിരച്ചറിയൽ രേഖയും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിറുത്തി തന്നെ പുതിയ സ്ഥാപനം ചേർക്കുന്നതിനും സൗകര്യമുണ്ട്.
ആകെ രജിസ്റ്റർ ചെയ്തവർ - 23,000
ലേബർ ക്യാമ്പുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൊബൈൽ ആപ്പിലൂടെ രജിസ്ട്രഷൻ നപടികൾ ചെയ്യുന്നുണ്ട്. കൂടാതെ, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ക്യാമ്പുകളും നടത്താറുണ്ട്. കരാറുകാരും തൊഴിലുടമകളും പുതുതായി വന്ന അതിഥി തൊഴിലാളികളെയും നിലവിൽ രജിസ്റ്റർ ചെയ്യാത്തവരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കണം.
ജയപ്രകാശ്, ജില്ലാ ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |