തിരുവനന്തപുരം: സംസ്ഥാനത്ത് എയ്‌ഡ്സ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളിൽ കടുത്ത അലംഭാവം. പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടിൽ. കേന്ദ്രം നൽകുന്ന കോടികൾ വൻകിട ഹോട്ടലുകളിൽ സെമിനാറുകൾ സംഘടിപ്പിച്ച് പാഴാക്കുന്നു. കാര്യക്ഷമമായി ചെലവഴിക്കാത്തതിനാൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കുള്ള ഈ വർഷത്തെ ഫണ്ട് കേന്ദ്രം വെട്ടിക്കുറച്ചു.
എയ്‌ഡ്സ് രോഗികളെ കണ്ടെത്താൻ പത്തുവർഷം മുമ്പ് കേന്ദ്രം നൽകിയ ഒരു കോടിയിലധികം വിലയുള്ള 'ബ്ലഡ് മൊബൈൽ ആംബുലൻസ്' കട്ടപ്പുറത്തായിട്ട് ഏഴുവർഷം. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളിലടക്കം എച്ച്.ഐ.വി ബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണിത്.
കേന്ദ്ര ഫണ്ട് ചെലവഴിച്ചതായി കാണിക്കാൻ തലസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വളപ്പിൽ കട്ടപ്പുറത്തുള്ള മൊബൈൽ ആംബുലൻസ് ഇടയ്ക്കിടെ ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തും. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ ചെലവിട്ടത് 15 ലക്ഷം. അറ്റകുറ്റപ്പണിക്കുള്ള ഫയൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആദ്യം എത്തിയെങ്കിലും ഇത്രയും തുക ചെലവഴിച്ചാൽ ബസ് പൂർണസജ്ജമാകുമെന്ന് ഉറപ്പില്ലാത്തതിനാൽ അനുമതി നിഷേധിച്ചിരുന്നു.
പിന്നാലെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് അനുമതി നേടിയെടുത്തു. ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. ബസ് ഓടുന്നില്ലെങ്കിലും ഡ്രൈവർക്കും ക്ലീനർക്കും ഇപ്പോഴും കൃത്യമായി ശമ്പളം നൽകുന്നു. വിവിധ കേന്ദ്രങ്ങളിലെത്തി രോഗ നിർണയം നടത്തുന്നതിനും ബോധവത്കരണത്തിനുമാണ് മൊബൈൽ ആംബുലൻസ്.
ഫണ്ട് ചെലവിടൽ
പരിശോധിക്കും
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ പ്രതിനിധികൾ ഇവിടെയെത്തി പരിശോധിച്ചശേഷമാകും കൂടുതൽ കേന്ദ്ര ഫണ്ട് അനുവദിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 80 കോടി നൽകിയിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം കട്ടപ്പുറത്തുള്ള ബസിനും ചെലവാക്കിയത്. മുൻകാലങ്ങളിൽ 200 കോടിവരെ പ്രതിവർഷം ലഭിച്ചിരുന്നു. പ്രവർത്തനങ്ങളിലെ പോരായ്മയാണ് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |