ശിവഗിരി : ശ്രീനാരായണഗുരുദേവ ദർശനത്തിന്റെയും ഉപദേശങ്ങളുടെയും മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്ന
'ശ്രീനാരായണഗുരു ഹാർമണി 2025"ന് യു.കെയിൽ നാളെ തുടക്കമാകും. ആലുവയിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഹാർമണി. ശ്രീനാരായണഗുരുദേവന്റെ ഏകലോക ദർശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരി മഠത്തിന്റെ ദീർഘകാല ലക്ഷ്യമാണ് ഇംഗ്ലണ്ടിലെ ശിവഗിരി മഠം അഫിലിയേഷൻ സെന്ററിൽ
സംഘടിപ്പിക്കുന്നത്. സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരുദേവ- ഗാന്ധിജി സമാഗമശതാബ്ദി ആഘോഷം, ശ്രീനാരായണഗുരുദർശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാർ, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം എന്നിവയോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണഗുരു ഹാർമണി നാളെ രാവിലെ 10.30ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ ബൈജു പാലക്കൽ ആമുഖപ്രസംഗം നടത്തും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഇന്ത്യൻ കൗൺസിൽ ജനറൽ ഡോ. മുരുകൻ വെങ്കിടാചലം വിശിഷ്ടാതിഥിയായിരിക്കും. വിവിധ മതങ്ങളുടെ ഭാഗമായി ഫാ. ഡേവിഡ് ചിറമേൽ,ഡോ. സിദ്ദിഖ് അഹമ്മദ്,അലക്സ് ഗ്യാത്ത്,പ്രൊഫ. അനിവിൻ ഖർ,ഡോ. എം.വി. നടേശൻ,ഡോ. വി.കെ. മുഹമ്മദ് ഭിലായ് തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനങ്ങളിൽ ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഡോ എസ്.എസ്.ലാൽ, ഗോകുലം ഗോപാലൻ, കെ. ജി. ബാബുരാജൻ(ബഹ്‌റിൻ), എ.വി. അനൂപ് (എ.വി.എ ഗ്രൂപ്പ്), എൻ.കെ. പ്രേമചന്ദ്രൻ എം.പി, മണപ്പുറം നന്ദകുമാർ,സുരേഷ്കുമാർ മധുസൂദനൻ,ഡോ. ശാർങ്ങധരൻ, സജീഷ് ദാമോദരൻ, ഗണേശ് ശിവൻ, സതീഷ് കുട്ടപ്പൻ, അനിൽകുമാർ ശശിധരൻ, കലാജയൻ, മധുരവീന്ദ്രൻ, ഡോ.ബിജു പെരിങ്ങത്തറ, അഡ്വ.എബി സെബാസ്റ്റ്യൻ, അനീഷ് കുമാർ, ദിലീപ് വാസുദേവൻ, സിബി കുമാർ, പ്രൊഫ.എം.വി.നടേശൻ, കെ.പി. ദുര്യോധനൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും. മേയ് 3, 4 ദിവസങ്ങളിൽ യു.കെ കോവെന്ററി റെഡ് റോസ് അരീന ഹാളിലാകും സമ്മേളനങ്ങൾ നടക്കുക. ആശ്രമത്തിൽ മഹാഗുരുപൂജയും വിശേഷാൽ പ്രാർത്ഥനകളും സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടക്കും. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിൽ സന്യാസി സംഘം ഇന്ന് യു.കെയിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |