മുംബയ്: അശ്ലീല ഉളളടക്കം റിയാലിറ്റി ഷോയിലൂടെ അവതരിപ്പിച്ചതിനെതിരെ നിർമാതാവിനും അവതാരകനും നടനുമായ അജാസ് ഖാനെതിരെ കേസ്. ഉല്ലു ആപ്പ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യുന്ന ഹൗസ് അറസ്റ്റ് എന്ന പരിപാടിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. പരിപാടിക്കിടയിൽ മത്സരാർത്ഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ അനുകരിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതോടെ അജാസ് ഖാനും പരിപാടിക്കുമെതിരെ ബജ്റംഗ് ദൾ പ്രവർത്തകൻ മുംബയ് പൊലീസിന് പരാതി നൽകുകയായിരുന്നു.
പൊലീസ് അജാസ് ഖാനും റിയാലിറ്റി ഷോയുടെ നിർമാതാവ് രാജ് കുമാർ പാണ്ഡെയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദത്തെ തുടർന്ന് അജാസ് ഖാൻ, ഷോ പ്രക്ഷേപണം ചെയ്ത ‘ഉല്ലു’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സിഇഒ വിദ്യ അഗർവാൾ എന്നിവർക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിട്ടുണ്ട്. മേയ് ഒമ്പതിനകം കമ്മിഷന് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശം.
വനിത മത്സരാർത്ഥികളോട് സെക്സ് പൊസിഷനുകൾ അഭിനയിക്കാൻ അജാസ് ഖാൻ പ്രേരിപ്പിക്കുന്ന വീഡിയോ ശകലങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നത്. വിഡിയോ വിവാദമായതോടെ അഡൽട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഉല്ലുവിൽ നിന്ന് റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ നീക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 11 മുതലാണ് ഇത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹത്കർ പറഞ്ഞു. വീഡിയോ സത്രീത്വത്തെ അപമാനിക്കുന്നതിനും ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണെന്നാണ് അവർ പ്രതികരിച്ചത്.വിനോദത്തിന്റെ പേരിൽ സ്ത്രീകളെ ചുഷണം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |