തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം സ്വകാര്യസർവകലാശാലകൾ ആരംഭിക്കാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ. ബില്ലിൽ ഗവർണർ ഒപ്പിട്ട് നിയമമാവും മുമ്പ് ചട്ടങ്ങൾ തയ്യാറാക്കിത്തുടങ്ങി. അപേക്ഷാ ഫോം, ഫീസ്, അപേക്ഷാരീതിയടക്കം നടപടിക്രമങ്ങൾ സഹിതമാണ് 10പേജുള്ള ചട്ടം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കകം അന്തിമരൂപമാവും. നിയമവും ചട്ടങ്ങളും വിജ്ഞാപനം ചെയ്താലുടൻ അപേക്ഷ ക്ഷണിക്കും. വിദ്യാഭ്യാസ മേഖലയിൽ പരിചയസമ്പന്നരായ വിശ്വസനീയ ഏജൻസികൾക്കും മാനേജ്മെന്റുകൾക്കും അപേക്ഷിക്കാം.
ഒരു ഡസനിലേറെ ഏജൻസികൾ സ്വകാര്യസർവകലാശാല തുടങ്ങാൻ രംഗത്തുണ്ട്. അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗ്രൂപ്പുകളാണേറെയും. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെഡിക്കൽകോളേജുകളടക്കം സർവകലാശാലയായി മാറാനൊരുങ്ങുന്നു. മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, ഫാർമസി, പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠനശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാണ് തുടങ്ങുക. ട്രഷറിയിൽ 25കോടി നിക്ഷേപവും, പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും സർവകലാശാല അനുവദിക്കും. വിദഗ്ദ്ധസമിതിയുടെ ശുപാർശപ്രകാരമായിരിക്കും അനുമതി .
നഷ്ടത്തിലുള്ള എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകൾ വിലയ്ക്കു വാങ്ങി സർവകലാശാലയാക്കാനാണ് അന്യസംസ്ഥാന ഗ്രൂപ്പുകളുടെ ശ്രമം. 5വർഷം പ്രവർത്തിച്ച ശേഷമേ ഉപക്യാമ്പസുകൾ തുറക്കാനാവൂ. സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളിൽ ജസ്റ്റിസ് കെ.കെ.ദിനേശൻ സമിതി നിശ്ചയിക്കുന്ന ഫീസേ നിലവിൽ ഈടാക്കാനാവൂ. സർവകലാശാലയാവുന്നതോടെ അവർക്ക് ഇഷ്ടമുള്ളത്ര ഫീസീടാക്കാം. എൻട്രൻസ് കമ്മിഷണറുടെ മെരിറ്റിലെ അലോട്ട്മെന്റും കുറയും. അന്യസംസ്ഥാനങ്ങളിലെ മെഡിക്കൽ സർവകലാശാലകളിൽ എം.ബി.ബി.എസിന് 25ലക്ഷവും അതിലേറെയുമാണ് ഫീസ്. ഭരണസമിതിയിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയടക്കം സർക്കാരിന്റെ 2പ്രതിനിധികളുണ്ടാവും. ബില്ലിന് ഗവർണർ ഉടൻ അനുമതി നൽകുമെന്നാണ് കരുതുന്നത്..
കൂടുതൽ വടക്കൻ
ജില്ലകളിൽ
സ്വകാര്യസർവകലകളേറെയും വടക്കൻ ജില്ലകളിലാണ് വരുന്നത്. കോഴിക്കോട്ട് മർക്കസ്, മലപ്പുറത്ത് എം.ഇ.എസ് എന്നിവ
രംഗത്തുണ്ട്.
350കോടി മുടക്കിലാണ് കോഴിക്കോട്ട് ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി. 500കോടി മുതൽമുടക്കിൽ തൃശൂരിൽ നെഹ്‌റു ഗ്രൂപ്പിന്റെ സർവകലാശാല.
പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, തൃശൂർരൂപത, ഗുജറാത്തിൽ സർവകലാശാലയുള്ള അദാനിഗ്രൂപ്പ് എന്നിവയും രംഗത്ത്.
കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽകോളേജുകളുള്ള മലബാർ ഗ്രൂപ്പും സർവകലാശാല സ്ഥാപിക്കാനൊരുങ്ങുന്നു.
40%
സീറ്റുകൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാറ്റിവയ്ക്കും
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |