ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുന്ന പദ്ധതി മേയ് അഞ്ചിന് പ്രാബല്യത്തിലായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. അപകട തീയതി മുതൽ ഏഴ് ദിവസം സജന്യ ചികിത്സ ലഭിക്കും.
രാജ്യത്തെവിടെയും റോഡപകടത്തിൽ പരിക്കേൽക്കുന്നവർക്ക് വ്യവസ്ഥകൾക്കനുസരിച്ച് ആനുകൂല്യം ലഭിക്കും. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ എന്നിവരെ ഏകോപിപ്പിച്ചുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ദേശീയ ആരോഗ്യ അതോറിട്ടിക്കാണ്. സംസ്ഥാനങ്ങളിൽ അതത് റോഡ് സുരക്ഷാ കൗൺസിലായിരിക്കും നോഡൽ ഏജൻസി.
പണം കേന്ദ്രം നൽകും
ആശുപത്രികൾക്കുള്ള പണം നൽകുന്നത് കേന്ദ്ര സർക്കാരാണ്. 2024 മാർച്ച് 14ന് ചണ്ഡിഗറിൽ തുടക്കമിട്ട പദ്ധതി ആറ് സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. തുടർന്നാണ് രാജ്യവ്യാപകമാക്കുന്നത്. ആശുപത്രികളുടെ പട്ടിക തയ്യാറാക്കൽ, ചികിത്സ ഉറപ്പാക്കൽ, ആശുപത്രികൾക്ക് ചികിത്സയ്‌ക്കുള്ള പണം കൈമാറൽ തുടങ്ങിയവ നിശ്ചിത പോർട്ടലിലൂടെ ദേശീയ ആരോഗ്യ അതോറിട്ടിയുമായി ചേർന്ന് നോഡൽ ഏജൻസി ഏകോപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |