ന്യൂഡൽഹി : ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്ന് അസന്നിഗ്ദ്ധ നിലപാടെടുത്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ആറുമാസത്തെ ചീഫ് ജസ്റ്റിസ് പദവിയിൽ ജുഡിഷ്യറിയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിറുത്താനുള്ള സുപ്രധാന ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അദ്ദേഹം സ്വകരിച്ച നടപടികൾ ഏറെ ചർച്ചയായി. നോട്ടുകൂമ്പാരം കത്തുന്നതിന്റെ ദൃശ്യങ്ങളും, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ടും ഉൾപ്പെടെ പുറത്തുവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പണം യശ്വന്ത് വർമ്മയുടേതാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെ ഇംപീച്ച്മെന്റിന് രാഷ്ട്രപതിക്ക് ശുപാർശയും നൽകി.
സുപ്രീംകോടതി മുൻ ജഡ്‌ജി എച്ച്.ആർ. ഖന്നയുടെ അനന്തരവനാണ് സഞ്ജീവ് ഖന്ന. ധൈര്യപൂർവം തീരുമാനമെടുത്ത എച്ച്.ആർ. ഖന്നയുടെ വഴിയിലൂടെയാണ് സഞ്ജീവും യാത്ര ചെയ്തത്. അടിയന്താരവസ്ഥ കാലത്തും പൗരന്മാരുടെ മൗലികാവകാശങ്ങൾ നിലനിൽക്കുമെന്ന് നിലപാടെടുത്ത എച്ച്.ആർ. ഖന്നയ്‌ക്ക് ചീഫ് ജസ്റ്റിസ് പദവി നൽകാതെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പകവീട്ടിയത്. പിന്നാലെ അദ്ദേഹം ജഡ്‌ജി പദവി രാജിവച്ചിരുന്നു.
അതേസമയം, ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് - സെക്ക്യുലർ പദങ്ങൾ കൂട്ടിച്ചേർത്ത ഇന്ദിരാസർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത പൊതുതാത്പര്യഹർജികൾ വിമർശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറിൽ തള്ളിയെന്നതും ശ്രദ്ധേയം.
വഖഫിലും സുപ്രധാന
ഇടപെടലുകൾ
വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്തുക്കളെ ഡിനോട്ടിഫൈ ചെയ്യില്ല എന്നതുൾപ്പെടെ ഉറപ്പുകൾ കേന്ദ്രസർക്കാരിന് നൽകേണ്ടി വന്നു
ഇനിയൊരു ഉത്തരവിടുന്നതു വരെ ഒരു കോടതിയും 1991ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഉത്തരവിട്ടു. ഗ്യാൻവാപി, സംഭൽ, മഥുര തുടങ്ങി രാജ്യത്തെ 17ൽപ്പരം മസ്ജിദുകളുമായി ബന്ധപ്പെട്ട തർക്കത്തിലെ തുടർനടപടികൾക്ക് ഫലത്തിൽ സ്റ്റേ നിലവിൽ വന്നു
വിവാദങ്ങളും
സഞ്ജീവ് ഖന്നയ്‌ക്കെതിരെ ഭരണപക്ഷ ജനപ്രതിനിധികൾ രംഗത്തു വന്നിരുന്നു. രാജ്യത്തെ കലാപങ്ങൾക്ക് കാരണം സഞ്ജീവ് ഖന്നയാണെന്നും, സുപ്രീംകോടതി അരാജകത്വം സൃഷ്‌ടിക്കുന്നുവെന്നുമുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാമർശം വിവാദമായി. കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നില്ലെങ്കിലും ചീഫ് ജസ്റ്റിസ് മറുപടി നൽകി. ജുഡിഷ്യൽ റിവ്യൂ എന്നത് ഭരണഘടന നൽകിയിട്ടുള്ള ചുമതലയാണെന്നും, ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |