ന്യൂഡൽഹി : ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ശ്രീനഗർ രാജ്യാന്തര വിമാനത്താവളം ഇന്നലെ തുറന്നു. എയർ ഇന്ത്യ വിമാനമാണ് ആദ്യമെത്തിയത്. രാവിലെ 11.47ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഉച്ചയ്‌ക്ക് ഒരു മണിയോടെ ശ്രീനഗർ വിമാനത്താവളത്തിലിറങ്ങി. എട്ടിൽപ്പരം വിമാനങ്ങൾ ഇന്നലെ സർവീസ് നടത്തി. ഇൻഡിഗോ കമ്പനി ഇന്ന് സർവീസ് പുനരാരംഭിക്കും. ഹജ്ജ് സർവീസുകൾ ഇന്ന് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്ര് അറിയിച്ചു. രണ്ടു വിമാനങ്ങളിൽ 324 യാത്രക്കാരെ വീതമാണ് ഹജ്ജ് തീർത്ഥാടനത്തിന് നാളെ കൊണ്ടുപോകുന്നത്. ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗർ, രാജ്കോട്ട് വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച രാത്രി അതിർത്തി മേഖലകളിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യമുണ്ടായതോടെ ഇന്നലെ വിമാന കമ്പനികൾ സർവീസുകൾ നടത്തിയില്ല. ജമ്മുവിൽ ഇന്നലെ ഒരു വിമാനം മാത്രമാണിറങ്ങിയത്.
സ്‌കൂളുകൾ തുറന്നു
ജമ്മു കാശ്‌മീരിൽ അതിർത്തി മേഖലകളായ ഉറി, താങ്ധർ, കർണൽ, ഗുരേസ്, കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിലൊഴികെ സ്‌കൂളുകളും കോളേജുകളും തുറന്നു. കാശ്‌മീർ സർവകലാശാല ഇന്ന് തുറക്കും. വ്യാപാരകേന്ദ്രങ്ങൾ സാധാരണനിലയിലേക്ക് മടങ്ങിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |