ന്യൂഡൽഹി : രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്രിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റിസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കും. ഈ വർഷം നവംബർ 23 വരെയാണ് ഗവായിയുടെ സർവീസ് കാലാവധി.
ജുഡിഷ്യറിയെ അപമാനിച്ചാൽ നേരിടും
സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കുന്നതിന് പ്രാമുഖ്യം നൽകും. ജുഡിഷ്യറിയിലെ ഒഴിവുകൾ നികത്തും. ജുഡിഷ്യറിയെ സാമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. റിട്ടയർമെന്റിന് ശേഷം പദവികൾ ഏറ്റെടുക്കില്ല.
അംബേദ്കറിന്റെ വഴിയേ
തിങ്കളാഴ്ച ബുദ്ധ പൂർണിമയായിരുന്നു. രണ്ടുദിവസത്തിനുശേഷം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനുള്ള നിയോഗം വലിയ യാദൃശ്ചികതയാണെന്ന് കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഗവായ് പറഞ്ഞിരുന്നു. 1956ൽ ഡോ. ബി.ആർ. അംബേദ്‌കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദളിത് ജനവിഭാഗത്തിലെ അരലക്ഷത്തോളം പേർ ബുദ്ധമതത്തിൽ ചേർന്നപ്പോൾ ഗവായിയുടെ പിതാവ് ആർ.എസ്. ഗവായിയും ചേർന്നു. റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ നേതാവായിരുന്നു അദ്ദേഹം. കേരളം, സിക്കിം, ബീഹാർ എന്നിവിടങ്ങളിൽ ഗവർണറുമായിരുന്നു. അതിനുശേഷം ദളിത് കുടുംബം ബുദ്ധമതത്തിൽ അടിയുറച്ചു നിൽക്കുകയാണ്.
ജനനം 1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ
നാഗ്പൂർ സർവകലാശാലയിൽ നിന്ന് നിയമബിരുദം
1985ൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷനായി പ്രാക്‌ടീസ് തുടങ്ങി
2003 നവംബർ 14ന് ബോംബെ ഹൈക്കോടതി ജഡ്‌ജി
2019 മേയ് 24ന് സുപ്രീംകോടതി ജഡ്‌ജി
പ്രധാന വിധികൾ
1. എസ്.സി/എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണമാകാമെന്ന ചരിത്രവിധി പുറപ്പെടുവിച്ചു. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമെന്ന് ഗവായ് ഉൾപ്പെടെ നാലു ജഡ്‌ജിമാർ വിധിയിൽ അഭിപ്രായപ്പെട്ടത് വിവാദമായി.
2. കേസിൽ പ്രതിയായെന്നോ, ശിക്ഷിക്കപ്പെട്ടെന്നോ ചൂണ്ടിക്കാട്ടി ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുമാറ്റുന്ന സംസ്ഥാനങ്ങളുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു.
3. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം ശരിവച്ച ബെഞ്ചിലെ അംഗം
4. ജമ്മു കാശ്‌മീരിന്റെ പ്രത്യേകാധികാരം (അനുച്ഛേദം 370) റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ച അഞ്ചംഗ ബെഞ്ചിലെ അംഗം
5. കേന്ദ്രസർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |