കോയമ്പത്തൂർ: പൊള്ളാച്ചി പീഡന പരമ്പരക്കേസിലെ ഒമ്പതു പ്രതികളെയും മരണംവരെ ജീവപര്യന്തത്തിന് ശിക്ഷിച്ച് കോയമ്പത്തൂർ പ്രത്യേക വനിതാ കോടതി. പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവരാണു പ്രതികൾ.
ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ആറു വർഷത്തെ വിചാരണയ്‌ക്കു ശേഷം ജഡ്‌ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്.
സി.ബി.ഐയാണ് കേസന്വേഷിച്ചത്. പ്രതികളെ ഇന്നലെ രാവിലെ എട്ടരയോടെ സേലം സെൻട്രൽ ജയിലിൽ നിന്ന് കനത്ത സുരക്ഷയിൽ കോടതിയിൽ എത്തിച്ചു. മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണു വാദപ്രതിവാദം.
19കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ 2019 ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിലാണ് അണ്ണാ ഡി.എം.കെ സർക്കാരിനെ പിടിച്ചുലച്ച കേസിലെ പ്രതികളെ കണ്ടെത്തിയത്. തിരുന്നാവക്കരശ് പരാതിക്കാരിയുമായി സൗഹൃദത്തിലായി. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തിയശേഷം, പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധിച്ചു കാറിൽ കയറ്റി. വഴിയിൽവച്ച് മൂന്നു പ്രതികൾകൂടി കാറിൽ കയറി. നാലുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് വഴിയിലുപേക്ഷിച്ചു.
ഇക്കാര്യം പെൺകുട്ടി സഹോദരനോടു പറഞ്ഞു. തുടർന്ന് പൊള്ളാച്ചി ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളേജ് വിദ്യാർത്ഥികളുൾപ്പെടെ പ്രതിഷേധിച്ചിരുന്നു.
സ്‌കൂൾ വിദ്യാർത്ഥിനികളും ഇരകൾ
2016നും 2019നും ഇടയിലാണു പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെയുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിച്ചാണ് മിക്കവരെയും പ്രതികൾ വലയിലാക്കിയത്. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചു പീഡിപ്പിക്കും. ദൃശ്യം മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |