ന്യൂഡൽഹി: ജുഡിഷ്യറി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുകയാണ് വേണ്ടതെന്നും ബലം പ്രയോഗിച്ച് വിശ്വാസ്യത അടിച്ചേൽപ്പിക്കാനാകില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്രിസ് സഞ്ജീവ് ഖന്ന. യാത്ര അയപ്പിന്റെ ഭാഗമായി ഇന്നലെ ചീഫ് ജസ്റ്റിസ് കോടതിയിൽ നടന്ന സെറമോണിയൽ ബെഞ്ച് സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. റിട്ടയർമെന്റിന് ശേഷം സർക്കാരിന്റെ പദവികൾ ഏറ്റെടുക്കില്ല. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ സഞ്ജീവ് ഖന്നയുടെ കാലഘട്ടത്തെ പ്രകീർത്തിച്ചു. ശാന്തമായൊഴുന്ന നദി പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
സുതാര്യത ഉറപ്പിച്ച ജഡ്‌ജി
സഞ്ജീവ് ഖന്നയുടെ കാലഘട്ടം ബഹളങ്ങളുടേതായിരുന്നില്ല, അർത്ഥവത്തായ നീതിന്യായ പരിഷ്‌കാരങ്ങളുടേതായിരുന്നെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന് ഇന്നലെ വൈകിട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊടുങ്കാറ്റുയർത്തുന്ന കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ജഡ്‌ജിയെന്ന് അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |