ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. എന്നാൽ 11 സൈനികർ കൊല്ലപ്പെട്ടെന്നും 78 പേർക്ക് പരിക്കേറ്റെന്നുമാണ് വാദം. തിരിച്ചടിയിൽ 40ലേറെ പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഇന്ത്യ തെളിവുകൾ സഹിതം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചതോടെ പാകിസ്ഥാൻ സമ്മർദ്ദത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും കള്ളപ്രചാരണവുമായി എത്തിയത്. സംഘർഷത്തിൽ തങ്ങൾ വിജയിച്ചെന്ന് ആഭ്യന്തര തലത്തിൽ വരുത്തി തീർക്കാൻ പാക് സർക്കാരിന്റെ നേതൃത്വത്തിൽ വ്യാപക ക്യാമ്പയിൻ നടക്കുന്നുണ്ട്. കുപ്രചാരണങ്ങൾക്ക് പിന്തുണയുമായി പാക് മാദ്ധ്യമങ്ങളും രംഗത്തുണ്ട്. നൂറിലേറെ ഭീകരരെ വധിച്ചെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, 40 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന്റെ വാദം.
# ആശുപത്രിയിലെത്തി മറിയം
പാക് ഭരണകൂടം ഇന്ത്യൻ തിരിച്ചടിയുടെ ആഘാതം മറയ്ക്കാൻ ശ്രമിക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് മിലിട്ടറി ആശുപത്രിയിൽ നടത്തിയ സന്ദർശനം ചർച്ചയായി. ലാഹോറിലെ കമ്പെയ്ൻഡ് മിലിട്ടറി ഹോസ്‌പിറ്റലിൽ എത്തിയ മറിയം ഇന്ത്യൻ തിരിച്ചടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെയും ഓഫീസർമാരെയും കണ്ടു. പാക് സൈനിക തലവൻ ജനറൽ അസീം മുനീറും ആശുപത്രികളിലെത്തി പരിക്കേറ്റ പട്ടാളക്കാരെ കണ്ടു. കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം പാക് സർക്കാർ മറയ്ക്കുകയാണെന്ന വാദം രാജ്യത്തിനകത്തും പുറത്തും ഇതോടെ ശക്തമായി.
ഭീകരനെ 'നിരപരാധി"യാക്കി പാകിസ്ഥാൻ
ലഷ്‌കർ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിനെ 'നിരപരാധിയായ പുരോഹിതൻ" എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ. പാക് പഞ്ചാബിലെ മുരിദ്കെയിൽ ലഷ്‌കറെ തയ്ബയുടെ ആസ്ഥാനത്തുണ്ടായ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരത്തിന് ഇയാളാണ് നേതൃത്വം വഹിച്ചത്. ഇയാൾക്കൊപ്പം പാക് സൈനികരും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. പിന്നാലെയാണ് പാകിസ്ഥാന്റെ ന്യായീകരണം. ഭീകരുടെ സംസ്കാരത്തിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചറിയുകയും അവരുടെ പേരുകൾ പുറത്തുവിടുകയും ചെയ്തിരുന്നു.
ബലൂചിസ്ഥാനിൽ സംഘർഷം രൂക്ഷം
സംഘർഷം രൂക്ഷമായ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ, കച്ചി ജില്ലയിലെ സുരക്ഷാ ചെക്‌പോസ്റ്റ് പിടിച്ചെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). ബർഖാനിലെ രാരഷം മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഉപരോധങ്ങൾ തീർത്തു. അതിനിടെ, പാക് സുരക്ഷാ സേന തട്ടിക്കൊണ്ടു പോയതെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പ്രദേശവാസികളുടെ മൃതദേഹങ്ങൾ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത് സംഘർഷങ്ങളുടെ ആക്കം കൂട്ടി. ബലൂച് ജനതയുടെ അവകാശങ്ങൾക്കായും തങ്ങളുടെ സ്വാതന്ത്ര്യത്തിനായും പോരാട്ടം തുടരുമെന്ന് ബി.എൽ.എ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |