ന്യൂഡൽഹി: അഞ്ഞൂറിലേറെ പാക് ഡ്രോണുകളെയാണ് അതിർത്തി കടക്കും മുമ്പ് ഇന്ത്യ എണ്ണിയെണ്ണി തകർത്തത്. ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനം നമുക്കുണ്ടെന്ന് ലോകം കണ്ടു. ആകാശിനും എസ്- 400നും കൂട്ടായി ഭാർഗവാസ്ത്രയും വരുന്നു. ഇതിന്റെ പരീക്ഷണം പൂർണ വിജയം. 2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് ഡ്രോണുകളെ ഭസ്മമാക്കും.
ഒഡീഷയിലെ ഗൻജാമിൽ ഇന്ത്യൻ മഹാസമുദ്ര തീരത്തുള്ള ഗോപാൽപൂർ ഫയറിംഗ് റേഞ്ചിൽ മേയ് 13നായിരുന്നു പരീക്ഷണം. ആർമി എയർ ഡിഫൻസ് (എ.എ.ഡി) മൂന്ന് പരീക്ഷണങ്ങൾ നടത്തി. ഓരോ മിസൈൽ അയച്ചും തുടരെ രണ്ടെണ്ണം അയച്ചും. ലക്ഷ്യങ്ങളെ ഇവ കൃത്യതയോടെ വീഴ്ത്തി.
നാഗ്‌പൂരിലെ സ്വകാര്യ സ്ഥാപനമായ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡാണ് വികസിപ്പിച്ചത്. കുറഞ്ഞ ചെലവിലുള്ള മൈക്രോ മിസൈൽ സംവിധാനമാണ്. ഭാരം കുറവ്. മൊബൈൽ പ്ളാറ്റ്ഫോമിൽ സമുദ്ര നിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരെ വരെ എത്തിക്കാനാവും.
വെട്ടിച്ചെത്തിയാലും വീഴ്ത്തും
64 മൈക്രോ മിസൈലുകൾ തുടരെ പായിക്കാൻ ഭാർഗവാസ്ത്രയ്ക്കാകും
20 മീറ്റർ ചുറ്റളവിൽ വരുന്ന ഡ്രോണുകളെ ആദ്യം തകർക്കും
അതും കടന്നെത്തിയാൽ നിർവീര്യമാക്കാൻ ഗൈഡഡ് മിസൈലുണ്ട്
ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ്, ആർ.സി.എസ് റഡാറുകളാണ് ശക്തികേന്ദ്രം
ശത്രു ഡ്രോണുകളെ 6 കിലോമീറ്റർ അകലെ നിന്ന് ഇവ കണ്ടെത്തും
അത്യാധുനിക കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കൂടിയാണ് ഭാർഗവാസ്ത്ര
രാജ്യത്തെ ഡിഫൻസ് നെറ്റ്‌വർക്കിന് സന്ദേശം അയയ്ക്കാനുള്ള സംവിധാനവുമുണ്ട്
ഭാർഗവസ്ത്രയുടെ പ്രവർത്തനം ഇങ്ങനെ
1 ഡ്രോണിനെ റഡാർ സിസ്റ്റം കണ്ടെത്തുന്നു
2 ഡ്രോണിന് നേരെ ഭാർഗവസ്ത്ര വിക്ഷേപിക്കുന്നു
3 ഡ്രോണിനെ നശിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |