സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് മേയ് 20 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി (D +)/ തത്തുല്യജയമാണ് യോഗ്യത. പരമ്പരാഗത വിഷയങ്ങളായ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, മാത്സ്, ബയോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി ജ്യോഗ്രഫി, അക്കൗണ്ടൻസി തുടങ്ങിയവയ്ക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്നതാണ് വി.എച്ച്.എസ്.ഇ പാഠ്യ പദ്ധതി. കോഴ്സ് പൂർത്തിയാകുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയാംഗീകാരമുള്ള എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റും ലഭിക്കും.
കോഴ്സ് കോമ്പിനേഷൻ
എ, ബി, സി, ഡി എന്നിങ്ങനെ നാലു ഗ്രൂപ്പുകളാണ് വി.എച്ച്.എസ്.ഇ പഠനത്തിലുള്ളത്. ഓരോ ഗ്രൂപ്പിലും ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, എൺട്രപ്രോണർഷിപ്പ് ഡെവലപ്മെന്റ് എന്നിവ എല്ലാ ഗ്രൂപ്പിലും നിർബന്ധമായു പഠിക്കണം. കൂടാതെ ഓരോ ഗ്രൂപ്പിലെയും മൂന്നു പരമ്പരാഗത വിഷയങ്ങളും അതിന്റെ കോമ്പിനേഷനായി വരുന്ന ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കേണ്ടതുണ്ട്. 43 തൊഴിലധിഷ്ഠിത വിഷയങ്ങളാണ് ഉള്ളത്. ഇതിലൊന്ന് വിദ്യാർത്ഥിക്ക് തിരഞ്ഞെടുക്കാം.
ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് ''ഗ്രൂപ്പ് എ"" . എ ഗ്രൂപ്പിന്റെ കോമ്പിനേഷനായി 17 തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട് (ഫോർ വീലർ സർവീസ് ടെക്നീഷ്യൻ, സിവിൽ വർക്സ്, ജൂനിയർ സോഫ്റ്റ്‌വേർ ഡെലപ്പർ, വെബ് ഡെവലപ്പർ, പ്ലംബർ തുടങ്ങിയവ).
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് ''ഗ്രൂപ്പ് ബി "". ബി ഗ്രൂപ്പിന്റെ കോമ്പിനേഷനായി 20 തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട് (അസിസ്റ്റന്റ് ഡിസൈനർ, ബ്യൂട്ടി തെറപ്പിസ്റ്റ്, ഡെയറി പ്രോഡക്റ്റ് പ്രോസസർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്മോൾ പൗൾട്രീ ഫാർമർ തുടങ്ങിയവ).
ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് ''ഗ്രൂപ്പ് സി"". സി ഗ്രൂപ്പിന്റെ കോമ്പിനേഷനായി കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റിവ് പ്രോഗ്രാമാണുള്ളത്.
അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളുൾപ്പെടുന്നതാണ് ''ഗ്രൂപ്പ് ഡി"". ഡി ഗ്രൂപ്പിന്റെ കോമ്പിനേഷനായി ബിസിനസ് കറസ്പോണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ് തുടങ്ങിയ അഞ്ച് തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്.
അപേക്ഷിക്കേണ്ടതെങ്ങനെ
മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും വ്യത്യസ്ത അപേക്ഷയാണ് നൽകേണ്ടത്. മെറിറ്റ് സീറ്റ് പ്രവേശനത്തിന് ഒരു അപേക്ഷ മാത്രം നൽകിയാൽ മതി. ഒരു ഹയർ സെക്കൻഡറി സ്കൂളും അവിടെയുള്ള ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു സ്കൂളിലെ വ്യത്യസ്ത വിഷയ കോമ്പിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ പ്രവേനം ആഗ്രഹിക്കുന്ന സ്കൂൾ, കോഴ്സ് കോമ്പിനേഷൻ എന്നിവ മുൻഗണനാ ക്രമത്തിൽ നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും vhscap.kerala.gov.in, admission.vhseportal.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |