ന്യൂഡൽഹി : രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റിക്സ് താരം നീരജ് ചോപ്രയെ ടെറിട്ടോറിയിൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ റാങ്കിൽ നിയമിച്ച് രാഷ്ട്രപതി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തുവന്നു. ഈവർഷം ഏപ്രിൽ 16 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് നിയമനം.
ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യൻ താരമാണ് നീരജ്. 2020 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിലാണ് നീരജ് സ്വർണം നേടിയത്. 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളി നേടി. ലോക ചാമ്പ്യൻഷിപ്പിലുൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലെ സ്വർണമെഡലിസ്റ്റാണ് ഹരിയാന സ്വദേശിയായ നീരജ്.
2016ൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി നീരജ് കരസേനയിൽ പ്രവേശിച്ചിരുന്നു. 2021ൽ ഒളിമ്പിക്സ് മെഡൽ നേട്ടം പരിഗണിച്ച് നായ്ക് സുബേദാർ റാങ്കിലേക്ക് പ്രമോഷൻ നൽകി. കായികരംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് പരമവിശിഷ്ട സേവാമെഡലും നൽകിയിട്ടുണ്ട്.
കായികരംഗത്ത് മികവ് തെളിയിക്കുന്നവർക്ക് ടെറിട്ടോറിയൽ ആർമിയിൽ റാങ്ക് നൽകുന്നത് ആദ്യമല്ല. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണം നേടിയ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകിയിരുന്നു.2008ൽ ക്രിക്കറ്റർ കപിൽദേവിനും ലെഫ്റ്റനന്റ് കേണൽ ലഭിച്ചു. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷം മഹേന്ദ്രസിംഗ് ധോണിക്കും ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ വെള്ളി നേടിയ ഷൂട്ടർ വിജയകുമാറിന് ഓണററി ക്യാപ്ടൻ പദവി നൽകിയിട്ടുണ്ട്.
മലയാള സിനിമാനടൻ മോഹൻ ലാലിനും 2009ൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |