ബെയ്ജിംഗ് : ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ദേശീയടീമിന്റെ മുഖ്യപരിശീലകനായി ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ നിയമിച്ചതിനെതിരെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാസിൽവ. ബ്രസീലിൽ മികച്ച ഫുട്ബാൾ പരിശീലകരുണ്ടെന്നും പുറത്തുനിന്ന് കോച്ചുമാരെ കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് ലുല വിമർശിച്ചത്. ചൈനീസ് സന്ദർശനം നടത്തുന്നതിനിടെയാണ് ബ്രസീൽ പ്രസിഡന്റ് വിമർശനം നടത്തിയത്. സ്വന്തം രാജ്യമായ ഇറ്റലി 2022 ലോകകപ്പിന് യോഗ്യത പോലും നേടാനാകാത്ത സാഹചര്യത്തിൽ ആഞ്ചലോട്ടി ഇറ്റലിയുടെ മുഖ്യകോച്ചാകാനല്ലേ നോക്കേണ്ടെന്ന് ലുല പറഞ്ഞിരുന്നു.
കഴിഞ്ഞ 100 വർഷത്തിനിടയിൽ ബ്രസീലിന്റെ സ്ഥിരം മുഖ്യകോച്ചാകുന്ന ആദ്യ വിദേശിയാണ് 65കാരനായ ആഞ്ചലോട്ടി.1965ന് ശേഷം താത്‌കാലികമായെങ്കിലും ബ്രസീൽ കോച്ചാകുന്ന ആദ്യ വിദേശിയും.ക്ളബ് ഫുട്ബാളിൽ പരിചയസമ്പന്നനായ ആഞ്ചലോട്ടി ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ മുഖ്യകോച്ചാകുന്നത്. 1994 ലോകകപ്പിൽ അരിഗോ സാച്ചിക്ക് കീഴിൽ ഇറ്റാലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിട്ടുണ്ട്.
നിലവിൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി സ്പാനിഷ് ലാ ലിഗ സമാപിച്ചശേഷം മേയ് 26ന് പുതിയ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ സീസണിൽ റയലിനെ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കിയ ആഞ്ചലോട്ടിക്ക് ഇക്കുറി ഈ രണ്ട് കിരീടങ്ങളും നിലനിറുത്താനായിരുന്നില്ല.
മാർച്ചിൽ കോച്ച് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഡോറിവൽ ജൂനിയറിന് പകരമാണ് ആഞ്ചലോട്ടി ബ്രസീലിലെത്തുന്നത്. ജൂൺ അഞ്ചിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാകും ആഞ്ചലോട്ടിയുടെ ബ്രസീലിയൻ അരങ്ങേറ്റം.
2022 ലോകകപ്പിൽ നിന്ന് പുറത്തായശഷം ബ്രസീലിയൻകോച്ച് ടിറ്റെയുടെ കസേര തെറിച്ചിരുന്നു. തുടർന്ന് താത്കാലിക പരിശീലകരായ റാമോൺ മെനെസെസ്, ഫെർണാണ്ടോ ഡിനിസ് എന്നിവർക്ക് കീഴിൽ ടീം നിരാശപ്പെടുത്തിയിരുന്നു. തുടർന്നാണ് ഡോറിവലിനെ ചുമതലയേൽപ്പിച്ചത്. എന്നിട്ടും വലിയ മാറ്റമൊന്നുമുണ്ടാകാതിരുന്നതിനെത്തുടർന്നാണ് 14 മാസത്തെ സേവനത്തിന് ശേഷം ഡോറിവലിനെയും പുറത്താക്കിയത്.
1995ൽ ഇറ്റാലിയൻ ക്ളബ് റെഗ്ഗിനയിലൂടെയാണ് പ്രൊഫഷണൽ ക്ളബ് ഫുട്ബാളിലെ പരിശീലകവൃത്തി തുടങ്ങുന്നത്. എ.എസ് റോമ,എ.സി മിലാൻ എന്നീ ഇറ്റാലിയൻ ക്ളബുകളിലൂടെ കരിയർ വിപുലമാക്കിയ അദ്ദേഹം ചെൽസി,പാരീസ്,സെന്റ് ജർമ്മെയ്ൻ, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് എന്നീ മുൻനിര ക്ളബുകളുടെ കോച്ചായി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെല്ലാം കിരീടം നേടിയ കോച്ചാണ് ആഞ്ചലോട്ടി. ആറ് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുകയും അതിൽ അഞ്ചുതവണ ചാമ്പ്യന്മാരായ റെക്കാഡും ഇദ്ദേഹത്തിനുണ്ട്. റയലിനൊപ്പം മൂന്ന് തവണയും എ.സി മിലാനൊപ്പം രണ്ട് തവണയുമാണ് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ചുംബിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |