പാട്‌ന: രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടികളുടെ മൃതദേഹം ഓടയിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ബീഹാറിലെ മുസാഫർപൂരിലെ ഒരു സംഘം പൊലീസുകാരെ നാട്ടുകാർ ബന്ദിയാക്കി വച്ച് തല്ലിച്ചതച്ചു. നാട്ടുകാരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാരകായുധങ്ങളുമായി നിൽക്കുന്ന നാട്ടുകാരുടെ നടുവിൽ മൂക്കിൽ നിന്നും ചോരയൊലിപ്പിച്ച് നിൽക്കുന്ന പൊലീസുകാരന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്നെ മർദ്ദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസുകാരൻ നാട്ടുകാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷപ്പെട്ടോടുന്ന പൊലീസുകാരനെ പിന്തുടർന്ന് മർദ്ദിക്കുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാണാതായ കുട്ടികളുടെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയതോടെയാണ് നാട്ടുകാർ മുസാഫർപൂർ ജില്ലയിലെ ഓറ എന്ന പ്രദേശത്തുള്ള പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. എന്നാൽ പൊലീസുകാരിൽ നിന്നും വ്യക്തമായ ഉത്തരം ലഭിക്കാത്തതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ ബന്ദിയാക്കി. കുട്ടികളെ ചിലർ തല്ലിക്കൊല്ലുന്നതാണെന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ കുട്ടികൾ മുങ്ങിമരിച്ചതാണെന്ന പൊലീസിന്റെ വാദമാണ് നാട്ടുകാരെ പ്രകോകിപ്പിച്ചത്. അക്രമാസക്‌തരായ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഇവർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. തുടർന്ന് സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |