തൃശൂർ: വിഴിഞ്ഞം തുറമുഖം അദാനി പോർട്ടാണെന്നാണ് അറിയപ്പെടുന്നതെങ്കിലും അദാനി ചെലവിട്ടതിനക്കാൾ ഇരട്ടിയിലധികം ചെലവഴിച്ചത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വർഷികത്തിന്റെ ഭാഗമായി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം..
വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചെലവഴിച്ചത് 8867 കോടിയാണ്.അതിൽ 5,595 കോടി രൂപ കേരളമാണ് ചെലവിട്ടത്. 2,454 കോടി മാത്രമാണ് അദാനിയുടെ പങ്ക്. കേന്ദ്രം ഗ്രാന്റായി നൽകേണ്ട 817 കോടി രൂപ കടമായാണ് നൽകിയിരിക്കുന്നത്..ഇത് രാജ്യത്തെ വലിയ തുറമുഖങ്ങളിൽ ഒന്നാണ്. കേരളം പ്രതിസന്ധി ഘട്ടങ്ങളിൽ നിൽക്കുമ്പോൾ ഇവിടത്തെ പ്രതിപക്ഷം കേന്ദ്രത്തോടൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എക്കാലത്തും നുണ പ്രചാരണം നടത്തുകയാണ് വികസന വിരോധികൾ. നമ്മൾ കടക്കെണിയിലാണെന്ന പ്രചാരണമാണ് നടത്തുന്നത്. കൊവിഡിന് ശേഷം നമ്മൾ മുന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ജോസ് തെറ്റയിൽ, എം.എം.വർഗീസ്, എ.സി.മൊയ്തീൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |