തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന്റെ ക്രൂരതയ്ക്കിരയായ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് സർക്കാർ പൂർണ പിന്തുണ അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ നിയമമന്ത്രി പി രാജീവ് വഞ്ചിയൂർ കോടതിക്കു മുന്നിലുള്ള ലാ കോർട്ട് സെന്ററിൽവച്ച് ശ്യാമിലിയെ കണ്ട് വിശദാംശങ്ങൾ മനസിലാക്കി.
ഗൗരവമേറിയ സംഭവമാണിതെന്നും പ്രതിയെ ഉടൻ പൊലീസ് പിടികൂടുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. പ്രതിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടും. ''നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്. കേരളത്തിൽ ഇതിനു മുമ്പൊന്നും കേട്ടിട്ടില്ലാത്ത കാര്യമാണിത്. ജൂനിയർ അഭിഭാഷകർക്കൊപ്പമാണ് സർക്കാർ. നമ്മളാണ് ഇന്ത്യയിൽ ആദ്യമായി ജൂനിയർ അഭിഭാഷകർക്ക് പ്രത്യേക സ്റ്റൈപന്റ് ഉൾപ്പെടെ നൽകാൻ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായി മറുപടി നൽകി. സി.പി.എം ജില്ല സെക്രട്ടറി വി.ജോയിയും ജില്ല കമ്മിറ്റി അംഗം എസ്.പി. ദീപക്കും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് അഭിഭാഷക നേതാവല്ലേ?
അങ്ങനെ സഹായിച്ചിട്ടുണ്ടെങ്കിൽ അവരും നിയമത്തിന്റെ പരിധിയിൽ വരും. കുറ്റവാളികളെ രക്ഷപെടാൻ സഹായിക്കുന്നവരും കുറ്റവാളികളാണ്. അതാണ് നിയമം. അഭിഭാഷകരെ അറസ്റ്റു ചെയ്യാൻ പൊലീസ് എത്തുമ്പോൾ പൊതുവേ പ്രതിരോധം വരും. അഭിഭാഷകയെ ആക്രമിച്ച കേസിലാകുമ്പോൾ അത്തരത്തിലുള്ള സമീപനമൊന്നുമില്ലാതെ അഭിഭാഷകയ്ക്കൊപ്പമാണ് അഭിഭാഷക സമൂഹം നിൽക്കേണ്ടത്.
ചൊവ്വാഴ്ച തന്നെ പ്രതിയെ അറസ്റ്റു ചെയ്യാമായിരുന്നില്ലേ?
അഭിഭാഷകർ ചില ഘട്ടങ്ങളിൽ അവരുടേതായ പ്രതിരോധങ്ങൾ തീർക്കാറുണ്ട്. കോടതി തന്നെ ചില സന്ദർഭങ്ങളിൽ ഇടപെട്ടിട്ടുമുണ്ട്. ഇവിടെ അഭിഭാഷക ഈ രൂപത്തിൽ ആക്രമണത്തിന് ഇരയാകുമ്പോൾ സ്വാഭാവികമായും എല്ലാം മറന്ന് അവർക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടത്. അല്ലാത്തതെല്ലാം തെറ്റായ രൂപത്തിൽ തന്നെയാണ് കാണേണ്ടത്.
ബെയ്ലിൻദാസിനെതിരെ നേരത്തെയും പരാതിയുണ്ടായിട്ടുണ്ടല്ലോ?
ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസന്വേഷിക്കുമ്പോൾ മറ്റ് പരാതികൾ വരുകയാണെങ്കിൽ അതും ഗൗരവമായി പരിഗണിക്കും. ബാർ കൗൺസിൽ നിയമം അനുസരിച്ച് സാദ്ധ്യമായ പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ജൂനിയർ അഭിഭാഷകർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ബാർകൗൺസിലിന് നിർദ്ദേശം നൽകുമോ?
അഭിഭാഷകർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയുന്ന നിയമം ചില സംസ്ഥാനങ്ങളിൽ പാസാക്കിയിട്ടുണ്ട്. സമാനമായ നിമയം കേരളത്തിലും പാസാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തതെന്താണെന്ന് പരിശോധിച്ച് ഉചിതമായത് ചെയ്യാമെന്നാണ് മുഖ്യമന്ത്രി അഭിഭാഷകരോട് പറഞ്ഞിട്ടുള്ളത്. ജൂനിയർ അഭിഭാഷകർക്കു നേരെ സീനിയർ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അതിക്രമം അതിൽനിന്നു ഭിന്നമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള സംവിധാനം കോടതികളിലും വേണ്ടതല്ലേ?
പ്രൊഫഷണൽ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലുണ് ഇന്റേണൽ കമ്മിറ്റികൾ വരുന്നത്. അഭിഭാഷക സമൂഹത്തെ ബഞ്ച് ആൻഡ് ബാർ എന്നാണ് പറയുന്നത്. അതിന്റെ ഭാഗമായിട്ട് നിലിവിലെ സംവിധാനങ്ങൾ കൂടാതെ പ്രത്യേകിച്ച് എന്തെങ്കിലും വേണോ എന്നുള്ളത് പരിശോധിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |