റിയാദ്: സിറിയയ്ക്ക് മേൽ യു.എസ് ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നടപടി സിറിയയ്ക്ക് മഹത്വത്തിലേക്കുള്ള അവസരമൊരുക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇന്നലെ സൗദി അറേബ്യയിലെ റിയാദിൽ വച്ച് സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറായുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചർച്ചയുടെ ഭാഗമായി. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് ട്രംപ് ഷറായോട് ആവശ്യപ്പെട്ടു. ഡിസംബറിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഷറായുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസിന് ആദ്യം അൽ-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നു. എച്ച്.ടി.എസിന് ഇപ്പോൾ ഭീകരബന്ധമില്ലെന്നാണ് ഷറാ ആവർത്തിക്കുന്നത്.
അതേ സമയം, ഗൾഫ് സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സൗദി സന്ദർശനം പൂർത്തിയാക്കിയ ട്രംപ് ഖത്തറിലെത്തി. ഇന്ന് യു.എ.ഇയിലെത്തും. തുടർന്ന് തുർക്കിയിൽ നടക്കുന്ന യുക്രെയിൻ-റഷ്യ സമാധാന ചർച്ചയിലും ട്രംപ് പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും ചർച്ചയിൽ പങ്കെടുത്തേക്കും.
ബോയിംഗിന് ചരിത്ര ഡീൽ
20,000 കോടി ഡോളറിന് ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ യു.എസുമായി കരാറിൽ ഒപ്പിട്ട് ഖത്തർ. ദോഹയിലെത്തിയ ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിന് ധാരണയായത്. കരാർ പ്രകാരം ബോയിംഗിൽ നിന്നുള്ള 160 വിമാനങ്ങൾക്കുള്ള റെക്കാഡ് ഓർഡറാണ് ഖത്തർ എയർവേഴ്സ് നൽകിയിട്ടുള്ളത്. ബോയിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് ഇതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണ കരാറിലും ഒപ്പിട്ടു. യു.എസിൽ നിന്ന് എം.ക്യു-9ബി ഡ്രോണുകൾ വാങ്ങാനും ഖത്തർ ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |