ബാങ്കോക്ക്: മരങ്ങളും കുറ്റിച്ചെടികളും ഇടതൂർന്ന് വളരുന്ന സ്ഥലത്തുളള ഒരു റിസോർട്ടിൽ താമസിക്കാനായിരിക്കും മിക്ക വിനോദസഞ്ചാരികളും ഇഷ്ടപ്പെടുന്നത്. പ്രകൃതിയിലെ മനോഹരക്കാഴ്ചകൾ കണ്ടുണരാനും ഉറങ്ങാനുമാണ് മിക്കവരും ഈ തീരുമാനത്തിലെത്തുന്നത്. എന്നാൽ അത് കാരണം നിങ്ങൾക്കൊരു പണി കിട്ടിയാലോ? അത്തരത്തിലൊരു സംഭവമാണ് ഒരു യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ തായ്‌ലൻഡിൽ എത്തിയതാണ് യുവാവ്.
നിറയെ മരങ്ങളും ചെടികളും വളരുന്ന ഒരു സ്ഥലത്തെ റിസോർട്ടാണ് താമസിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത്. രാവിലെ ഉറക്കമെഴുന്നേറ്റ അയാൾ പുറത്തേക്കുളള വാതിൽ തുറക്കുന്നതിന് മുൻപ് ഗ്ലാസ് ഘടിപ്പിച്ച ജനാലയിലെ കർട്ടനാണ് മാറ്റിയത്. അപ്പോൾ അയാൾ കണ്ട കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഭീതിയുണർത്തിയിരിക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ, യുവാവ് വളരെ ഭീതിയോടെയാണ് സംസാരിക്കുന്നത്. എന്നിട്ട് ജനാലയിലൂടെ റിസോർട്ടിന് പുറത്തെ കാഴ്ചകൾ കാണിക്കുന്നുണ്ട്.
ഒരു കൂറ്റൻ രാജവെമ്പാല റിസോർട്ടിന് മുൻപിലായി പത്തി വിടർത്തി ഉയർന്ന് നിൽക്കുകയാണ്. അതിന് സമീപത്തുളള ഒരു പൂന്തോട്ടത്തിൽ നിന്ന് മറ്റൊരു രാജവെമ്പാല ഇഴഞ്ഞുപോകുന്നതും കാണാം. കുറച്ച് സമയം കഴിയുമ്പോൾ രണ്ട് പാമ്പുകൾ ഇണചേരുന്നതും യുവാവ് വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലക്ഷകണക്കിനാളുകളാണ് വീഡിയോ കാണുന്നത്. ഇത്തരത്തിലുളള വീഡിയോകൾ ഉപയോക്താക്കാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഇത് ആദ്യമായല്ല. ബാങ്കോക്കിൽ നിന്ന് ഫൂക്കറ്റിലേക്ക് പോയ വിമാനത്തിൽ പാമ്പിനെ കണ്ടത് ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |