ന്യൂഡൽഹി: താനും പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര. അത്‌ലറ്റുകൾ എന്ന നിലയിലുള്ള പ്രൊഫഷണൽ ബന്ധം മാത്രമാണുള്ളതെന്നും നീരജ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെ അർഷാദുമായുള്ള ബന്ധം പഴയതു പോലെ തുടരാനുള്ള സാധ്യതയില്ലെന്നും നീരജ് സമ്മതിച്ചു.
2018 ഏഷ്യൻ ഗെയിംസിലാണ് ഇരുവരും ആദ്യമായി പരസ്പരം മത്സരിക്കുന്നത്. പിന്നീട് വിവിധ മീറ്റുകളിൽ ഇരുവരും മത്സരിച്ചു. പാരീസ് ഒളിമ്പിക്‌സിൽ അർഷാദ് 92.97 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ നീരജിന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങിയിരുന്നു. ഒളിമ്പിക്‌സില്‍ പാകിസ്ഥാന്റെ ആദ്യ വ്യക്തിഗത സ്വർണം നേടിയ അർഷാദിനെ നീരജിന്റെ അമ്മ അഭിനന്ദിച്ചത് വലിയ വാർത്തയായിരുന്നു.
അതേസമയം മേയ് 24-ന് ബെംഗളൂരുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ മത്സരത്തിലേക്ക് അർഷാദിനെ ക്ഷണിച്ചതിനെത്തുടർന്ന് നീരജിനും കുടുംബത്തിനുമെതിരേ കടുത്ത സൈബർ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരേ നീരജ് ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |