തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിനെ പൊലീസ് (47) പിടികൂടിയത് സിനിമാ സ്റ്റൈലിൽ.
ഇയാൾ സഹോദന്റെ ആൾട്ടോ കാറിൽ സഞ്ചരിക്കുന്നതായി പൊലീസിന് സംശയം ഉണ്ടായിരുന്നു. ഇതനുസരിച്ചു കാറിന്റെ നമ്പർ ശേഖരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കാർ ആൾസെയിന്റ്സ് ഭാഗത്തുനിന്നും തുമ്പയിലേക്ക് പോകുന്നതായി വിവരം ലഭിച്ചത്.
ക്യാമറയിലും കാറിന്റെ ദൃശ്യങ്ങൾ കിട്ടിയിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കറങ്ങി നടന്ന ഇയാളെക്കുറിച്ച് വിവരം ലഭിച്ചതോടെ ഡാൻസാഫ് ടീം അലർട്ടായി.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ അനുരൂപിന്റെ നിർദ്ദേശ പ്രകാരം ഡാൻസാഫ് ടീം കാറിനെ അന്വേഷിച്ചിറങ്ങി . എന്നാൽ കാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
അന്വേഷണത്തിനൊടുവിൽ ഡാൻസാഫ് ടീം നെഹ്‌റു ജംഗ്‌ഷനിലെ ചായക്കടയിൽ കാത്തുനിന്നു. ഈ സമയം പള്ളിത്തുറയിൽ നിന്നും കാർ തിരികെ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. കാറിന്റെ നമ്പറും ചുവന്ന ടീ ഷർട്ടും കണ്ടതോടെ പ്രതിയെന്ന് ഉറപ്പിച്ചു. ഉടനെ ഇക്കാര്യം എ.സി.പിയെ വിവരം അറിയിക്കുകയും ബൈക്കിൽ കാറിനെ പിന്തുടരുകയും ചെയ്തു. സന്ദേശം ലഭിച്ച തുമ്പ പൊലീസ് ജീപ്പ് പിന്തുടർന്നെത്തി. സ്റ്റേഷൻ കടവിൽ വച്ച് കാറിനെ ജീപ്പ് സിനിമാസ്റ്റൈലിൽ തടഞ്ഞിട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന ബെയ്ലിൻ ദാസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് നേരെ വഞ്ചിയൂർ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം മടങ്ങുന്നതിനെയാണ് അറസ്റ്റ്.ചുവന്ന ടീഷർട്ട് ധരിച്ച് ഷേവ് ചെയ്യാത്ത നിലയിലായിരുന്നു ബെയ്ലിൻ ദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |