പാലക്കാട്: വലതുപക്ഷ നയത്തിന്റെ നടത്തിപ്പുകാരായി ഇടതുപക്ഷം മാറരുതെന്ന് സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ചും സർക്കാർ മൗനം തുടരുന്നു. അയ്യഞ്ചാണ്ട് ശമ്പള പരിഷ്‌കരണം അട്ടിമറിക്കപ്പെടരുത്. 2024 ജൂലായ് ഒന്ന് 12-ാം ശമ്പള പരിഷ്‌കരണത്തിന്റെ പ്രാബല്യത്തിയതിയാണ്. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതി ശക്തമായ പ്രക്ഷോഭത്തിന് ജോയിന്റ് കൗൺസിൽ തയ്യാറാകും.
ലീവ് സറണ്ടറടക്കമുള്ള ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ഏത് ഗവൺമെന്റിന്റെ കാലത്തും ഏതറ്റം വരെയുമുള്ള സംഘടിത പോരാട്ടത്തിന് തയ്യാറാവാൻ ജീവനക്കാരെ ജോയിന്റ് കൗൺസിൽ ആഹ്വാനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പാക്കാതെ, ഇപ്പോഴും പദ്ധതി തുടരുമെന്നുള്ള ഉറപ്പിൽ കേന്ദ്ര വായ്പ സ്വീകരിക്കുന്ന സർക്കാർ നയം വഞ്ചനാപരമാണ്. അടിയന്തരമായി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കണം.ആയിരക്കണക്കിന് രൂപയുടെ ശമ്പള നഷ്ടത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്ത കുടിശിക അനുവദിക്കണം. അനുവദിക്കപ്പെട്ട ക്ഷാമബത്തയുടെ കുടിശിക നിഷേധിച്ചതും അംഗീകരിക്കാനാവില്ല. അഴിമതിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
സമാപന ദിവസം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി.ബിനിൽ പ്രമേയവും സംസ്ഥാന സെക്രട്ടറി എം.എം നജീം ക്രഡൻഷ്യൽ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.ഗ്രേഷ്യസ് നന്ദി പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗൽ ചർച്ചകൾക്ക് മറുപടി നൽകി. സംസ്ഥാന കമ്മിറ്റിയംഗം സി.എ.ഈജു നന്ദി രേഖപ്പെടുത്തി.
എ.സജീവ് ചെയർമാൻ
പുതിയ ഭാരവാഹികളായി എസ്.സജീവ് (ചെയർമാൻ), വി.സി ജയപ്രകാശ്, വി.വി ഹാപ്പി, ആർ.രമേശ് (വൈസ് ചെയർമാൻമാർ), കെ.പി.ഗോപകുമാർ (ജനറൽ സെക്രട്ടറി), കെ.മുകുന്ദൻ, നരേഷ് കുമാർ കുന്നിയൂർ, ഡി.ബിനിൽ (സെക്രട്ടറിമാർ), എം.എസ്.സുഗൈതകുമാരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റംഗങ്ങൾ
എൻ.കൃഷ്ണകുമാർ,ഹരിദാസ് ഇറവങ്കര, എസ്.പി.സുമോദ്, എ.ഗ്രേഷ്യസ്,പി.ശ്രീകുമാർ,ബിന്ദു രാജൻ,എം.സി.ഗംഗാധരൻ,വി.കെ.മധു,വി.ബാലകൃഷ്ണൻ,ആർ.സിന്ധു, കെ.അജിന, സി.എ അനീഷ്, ആർ.ഹരീഷ് കുമാർ.
വനിതാ കമ്മിറ്റി
കെ.അജിന(പ്രസിഡന്റ്), വി.ജെ മെർളി (സെക്രട്ടറി).
നൻമ സാംസ്‌കാരിക വേദി
എൻ.എൻ പ്രജിത (പ്രസിഡന്റ്), അരുൺ കുമാർ (സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |