തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിൽ 351.48 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നൽകി. കൽപ്പറ്റ എൽസ്റ്രോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്. കിഫ്‌കോൺ സാങ്കേതിക അനുമതി നൽകണമെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്.
402 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്. വീട് നിർമ്മാണത്തിന് സ്‌പോൺസർമാരുണ്ട്. ടൗൺഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്മ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമ്മാണത്തിനാണ് 351.48 കോടിയുടെ പദ്ധതി. അതേസമയം, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവു പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.
ദുരന്തബാധിതരുടെ വീടുകൾക്കു വാടക നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 12ന് വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ചതും സാധൂകരിച്ചു. വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷൽ ഓഫിസറും, ഇപിസി കോണ്‍ട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, കരാറുകാരായ ഊരാളുങ്കലിന് മുൻകൂർ തുക നൽകുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്‌പെഷൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |