ദോഹ: ഇന്ത്യയിൽ ആപ്പിൾ കമ്പനിയുടെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെ അതൃപ്തി പ്രകടമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിലെ ദോഹയിൽ നടന്ന ബിസിനസ് പരിപാടിക്കിടെ ആപ്പിൾ സി.ഇ.ഒ ടിം കുക്കിനോടാണ് ട്രംപ് വിയോജിപ്പ് അറിയിച്ചത്.
' ഇപ്പോൾ നിങ്ങൾ ഇന്ത്യ മുഴുവൻ നിർമ്മാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഇന്ത്യയെ പരിപാലിക്കണമെന്ന് ഉണ്ടെങ്കിൽ അവിടെ നിർമ്മാണം നടത്താം. കാരണം, ഇന്ത്യ ലോകത്തെ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതുകൊണ്ട് ഇന്ത്യയിൽ വില്പന വളരെ ബുദ്ധിമുട്ടാണ്. ടിമ്മിനോട് വളരെ നല്ല രീതിയിലാണ് ഞങ്ങൾ പെരുമാറുന്നത്. വർഷങ്ങളായി അദ്ദേഹം ചൈനയിൽ നിർമ്മിച്ച എല്ലാ പ്ലാന്റുകളും ഞങ്ങൾ സഹിക്കുന്നു. ഇന്ത്യയിലെ നിങ്ങളുടെ നിർമ്മാണത്തോട് ഞങ്ങൾക്ക് താത്പര്യമില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും " പരിപാടിക്കിടെ ട്രംപ് പറഞ്ഞു.
ആപ്പിൾ യു.എസിലെ ഉത്പാദനം വിപുലീകരിക്കാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിൽ നിലവിൽ മൂന്ന് പ്ലാന്റുകളാണ് ആപ്പിളിന് ( രണ്ടെണ്ണം തമിഴ്നാട്ടിലും ഒരെണ്ണം കർണാടകയിലും). രണ്ട് പ്ലാന്റുകൾ അണിയറയിൽ ഒരുങ്ങുന്നു. അതിനിടെ, തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ യു.എസിന് ഒരു കരാർ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെന്നും അതുപ്രകാരം ഇന്ത്യ യു.എസ് ഇറക്കുമതികൾക്ക് തീരുവ ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇതേ വരെ ഇത്തരമൊരു കരാറിനെ പറ്റി സൂചിപ്പിച്ചിട്ടില്ല.
1000 കോടി ഡോളർ നിക്ഷേപത്തിന് ഖത്തർ
തലസ്ഥാനമായ ദോഹയ്ക്ക് തെക്കുപടിഞ്ഞാറായുള്ള യു.എസിന്റെ അൽ ഉബെയ്ദ് എയർ ബേസിൽ ഖത്തർ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഖത്തർ സന്ദർശനത്തിനിടെ ട്രംപാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അൽ ഉബെയ്ദ് എയർ ബേസ്. യു.എസുമായി 4200 കോടി ഡോളറിന്റെ പ്രതിരോധ ഇടപാട് നടത്താനും ഖത്തർ ധാരണയായി.
ട്രംപ് യു.എ.ഇയിൽ
സൗദി അറേബ്യ, ഖത്തർ പര്യടനം പൂർത്തിയാക്കിയ ട്രംപ് ഇന്നലെ യു.എ.ഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ സ്വീകരിക്കാൻ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി. ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്ക് ഇരുവരും സന്ദർശിച്ചു. എ.ഐ മേഖലയിലെ സഹകരണവും നിക്ഷേപവും വർദ്ധിപ്പിക്കുകയാണ് യു.എ.ഇ സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |