അങ്കാറ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന സമാധാന ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കില്ല. യു.എ.ഇ സന്ദർശനം കഴിഞ്ഞ ശേഷം ചർച്ചയിൽ പങ്കെടുക്കാൻ തുർക്കിയിലേക്ക് എത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ, പുട്ടിൻ ഇല്ലാത്ത സ്ഥിതിക്ക് ചർച്ചയ്ക്ക് നേരിട്ട് എത്തില്ലെന്ന് ട്രംപും വ്യക്തമാക്കി. താനും പുട്ടിനും ഒന്നിച്ച് എത്താത്ത പക്ഷം ഒന്നും നടക്കില്ലെന്ന് ട്രംപ് പറഞ്ഞു. അതേ സമയം, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെത്തി. പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുക്രെയിൻ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലെ സംഘമാണ് ചർച്ചയിൽ പങ്കെടുക്കുകയെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ, യു.എസ് സംഘങ്ങളും തുർക്കിയിലെത്തിയിട്ടുണ്ട്. ചർച്ച ഇന്നലെ നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യൻ സമയം രാത്രി വൈകിയും തുടങ്ങിയില്ല. ചർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |