തൃശൂർ: മൊബൈൽ ഫോണിൽ മുഴുകുന്ന കുട്ടികളുടെ ശ്രദ്ധ ഇനി പാഠ്യവിഷയങ്ങളിലേക്ക് തിരികെ കൊണ്ടുവരാം. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും (എ.ഐ) ഓഗ്മെന്റഡ് റിയാലിറ്റിയും (എ.ആർ) വെർച്ച്വൽ റിയാലിറ്റിയുമെല്ലാം (വി.ആർ) ഉപയോഗിച്ച് അരിമ്പൂർ സ്വദേശി 24കാരൻ കെ.എസ്.നിതിൻ തയ്യാറാക്കിയ സാപിയൻസ് എജ്യുകണക്ട് പാഠ്യപദ്ധതിയാണ് അഞ്ചുമുതൽ പത്താം ക്‌ളാസ് വരെയുളള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പാഠമാകുന്നത്. ഹൃദയത്തിന്റെ പ്രവർത്തനമാണ് പഠിക്കുന്നതെങ്കിൽ രക്തം പമ്പു ചെയ്യുന്നതടക്കമുളള പ്രവർത്തനങ്ങൾ ത്രീ ഡൈമെൻഷനിൽ സ്‌ക്രീനിൽ കണ്ടുപഠിക്കാം. സൂക്ഷമമായ പ്രവർത്തനങ്ങൾ പോലും ആധുനികസാങ്കേതികവിദ്യയിൽ ഹൃദിസ്ഥമാക്കാം. ഒരു മണിക്കൂർ ക്‌ളാസിന് അഞ്ഞൂറു രൂപ വരെ ഈടാക്കുന്നുണ്ട്. കുട്ടികളുടെ പഠനനിലവാരം ആദ്യം പരിശോധിക്കും. ഇതിന് ഫീസില്ല. തൃശൂർ നഗരത്തിന് പത്തുകിലോമീറ്റർ പരിധിയിലാണ് താമസമെങ്കിൽ നേരിട്ടെത്തിയും മറ്റുളളവർക്ക് ഓൺലൈനായും ലേണിംഗ് അസെസ്‌മെന്റ് നടത്തും. https://sapienceconnect.com ലൂടെ രജിസ്റ്റർ ചെയ്യാം.
ആമസോണിന്റെയും അംഗീകാരം
പഠനവൈകല്യമുളള കുട്ടികളിലും ഈ ഡിജിറ്റൽ പാഠ്യപദ്ധതി വിജയമായതോടെ അമേരിക്കൻ കമ്പനിയുടെയും ആമസോണിന്റെയും അംഗീകാരം ലഭിച്ചു. ഇതോടെ അമേരിക്കൻ കമ്പനിയായ എൻവിഡിയയുടെയും ആമസോണിന്റേയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടി നിതിന് ക്ലാസിനായി ഉപയോഗിക്കാം. അരിമ്പൂർ പഞ്ചായത്തിലുള്ള കുട്ടികൾക്ക് നേരിട്ടും ഇന്ത്യക്കകത്തും പുറത്തുമായി നൂറിലേറെ കുട്ടികൾക്ക് ഓൺലൈനിലും ക്ലാസുകൾ നൽകി.
ആരംഭിച്ചത് എട്ടുമാസം മുൻപ്
ബി.എസ്‌സി ഫിസിക്‌സിന് ശേഷം എം.എസ്‌സി സൈബർ സെക്യൂരിറ്റി പഠിച്ച നിതിൻ, ഇരുനൂറോളം ട്യൂട്ടർമാർക്കും പരിശീലനം നൽകി. ഇവരാണ് ക്‌ളാസുകൾ നയിക്കുന്നത്. ഡിഗ്രി, പി.ജി, ബി.എഡ് വിദ്യാർത്ഥികളായ ഇവർ പാർട് ടൈം ജോലിയായി ചെയ്യുന്നതിലൂടെ വരുമാനവും ലഭിക്കുന്നുണ്ട്. ക്യു.ആർ കോഡ് പോലെ രേഖപ്പെടുത്തിയ ചിത്രങ്ങൾ സ്‌കാൻ ചെയ്ത് പൂർണമായി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ കാണിച്ചാണ് ക്‌ളാസുകൾ എടുക്കുന്നത്. അരിമ്പൂർ ജവാൻ റോഡിൽ കിഴക്കുമ്പുറത്ത് ഷാജുവിന്റെയും ബിജുലയുടെയും മകനാണ് നിതിൻ. സഹോദരി: നന്ദന.
മൊബൈലുകളോടുള്ള കുട്ടികളുടെ അമിതാസക്തി പഠന വിഷയങ്ങളിലേക്ക് വഴി തിരിച്ചുവിടാനാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്. മൊബൈൽ ഇല്ലാതെ വെർച്ച്വൽ റിയാലിറ്റി വഴിയും പഠിക്കാം. പഠനവൈകല്യമുളളവർക്കും ഉപകാരമാകും.
-നിതിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |