ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറടക്കമുള്ളവയിലെ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ യു.എസ്, യു.കെ എന്നിവടങ്ങിലേക്കുള്ള പ്രതിനിധി സംഘത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ നയിക്കും. യു.എസ്, യു.കെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് 5-6 അംഗങ്ങൾ വീതമുള്ള എട്ട് സംഘത്തെയാണ് അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും സർക്കാർ പ്രതിനിധിയും ഒപ്പമുണ്ടാകും.
സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, അമർ സിംഗ് (കോൺഗ്രസ്), അനുരാഗ് താക്കൂർ, അപരാജിത സാരംഗി (ബി.ജെ.പി), ജോൺ ബ്രിട്ടാസ് (സി.പി.എം), സുധീപ് ബന്ദോപാദ്ധ്യായ (തൃണമൂൽ), സഞ്ജയ് ഝാ (ജെ.ഡി.യു), കനിമൊഴി (ഡി.എം.കെ), സുപ്രിയ സുലേ (എൻ.സി.പി-എസ്.പി), അസദുദ്ദീൻ ഒവൈസി (എ.ഐ.എം.ഐ.എം), ഗുലാം നബി ആസാദ് (ഡി.പി.എ), വിക്രം ജിത് സിംഗ് സാഹ്‌നി തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ട്. സംഘം 22, 23 തീയതികളിൽ പുറപ്പെട്ട് ജൂൺ ആദ്യവാരം തിരിച്ചെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശാനുസരണം കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടിരുന്നു.
അനുമതി നൽകി കോൺഗ്രസ്
കേന്ദ്രസർക്കാർ താത്‌പര്യം അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തെ സമീപിക്കാനാണ് തരൂർ പറഞ്ഞത്. ദേശീയ താത്പര്യം മുൻനിറുത്തി കോൺഗ്രസ് എം.പിമാർ പ്രതിനിധി സംഘത്തിൽ ചേരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ തരൂരിന് അനുമതി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |