ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച ബി.ജെ.പി മന്ത്രി വിജയ് ഷായ്ക്ക് പിന്നാലെ വിവാദ പരാമർശവുമായി മദ്ധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജഗദീഷ് ദേവ്ദ. സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽക്കൽ വീണ് വണങ്ങുന്നെന്നായിരുന്നു പ്രസ്താവന. ജബൽപൂരിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ പരിശീലന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തെയും തുടർന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങളെയും പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങുകയാണെന്ന് പറഞ്ഞു.
'പഹൽഗാം സംഭവത്തിനുശേഷം ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ പ്രതികാരം ചെയ്യുംവരെ ഈ രാജ്യത്തെ ജനം വിശ്രമിക്കില്ലെന്ന് തീരുമാനിച്ചു. രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇന്ന് രാജ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങുകയാണ്. അദ്ദേഹം സ്വീകരിച്ച ശക്തമായ നടപടിയുടെ പേരിൽ സൈന്യമടക്കം പ്രധാനമന്ത്രിയെ വണങ്ങുന്നു"- ദേവ്ദ പറഞ്ഞു. മോദിക്ക് അഭിനന്ദനം. സദസിനോട് മോദിക്കായി കൈയടിക്കാനും പറഞ്ഞു. വിവാദമാകുകയും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തുകയും ചെയ്തതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ജഗദീഷ് ദേവ്ദ പ്രതികരിച്ചു.
ദിവസങ്ങൾക്കുമുമ്പാണ് മദ്ധ്യപ്രദേശ് മന്ത്രിയായ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. വിഷയത്തിൽ മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിജയ് ഷായെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി സോഫിയ ഖുറേഷിയോട് മന്ത്രി മാപ്പുപറയണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |