അബുദാബി: ഇന്ത്യ- പാക് സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിച്ചെന്നും വെടിനിറുത്തലിനുപിന്നിൽ പ്രവർത്തിച്ചെന്നുമുള്ള അവകാശവാദം മയപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ സംഘർഷം പരിഹരിക്കാൻ സഹായിച്ചു- ഖത്തറിൽ യു.എസ് സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
'താൻ ചെയ്തുവെന്ന് പറയുന്നില്ല, പക്ഷേ, ഇന്ത്യ- പാക് പ്രശ്‌ന പരിഹാരത്തിന് സഹായിച്ചു. പ്രശ്നം കൂടുതൽ
വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെ നിന്നുപോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടില്ലെന്ന് കേൾക്കാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നതായും ട്രംപ് പറഞ്ഞു. യുദ്ധസമാനമായ സാഹചര്യം നിറുത്താനുള്ള നടപടിയായി ഇന്ത്യയോടും പാകിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും അവർ സന്തോഷം പങ്കുവച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള 'ആണവ സംഘർഷം" തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ ഇരുരാജ്യങ്ങളുമായും യു.എസ് കൂടുതൽ വ്യാപാരം നടത്തുമെന്നും പറഞ്ഞിരുന്നു. വെടിനിറുത്തൽ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും മുമ്പേ വിവരം പങ്കുവച്ചത് ട്രംപായിരുന്നു. മദ്ധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ രംഗത്തുവന്നിരുന്നു. വെടിനിറുത്തലിന് ആരാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. മേയ് ഏഴിന് പിന്മാറാൻ തയാറാകാതിരുന്ന പാകിസ്ഥാൻ മേയ് പത്തിന് പിന്മാറാനും സംസാരിക്കാനും തയ്യാറായി.
പാകിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാലേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ. ഭീകരതയെക്കുറിച്ചേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു.
ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് നമുക്ക് സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണെന്നും അവർക്ക് സംഭവിച്ചത് എത്ര വലിയ നാശനഷ്ടമാണെന്നും വ്യക്തമായിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
വീണ്ടും അവകാശവാദം
മണിക്കൂറുകൾക്ക് ശേഷം ഇന്ത്യ- പാക് വെടിനിറുത്തലിന് മദ്ധ്യസ്ഥത വഹിച്ചെന്ന് ഡൊണാൾഡ് ട്രംപ് മാദ്ധ്യമങ്ങളോട് മാറ്റിപ്പറഞ്ഞു. രണ്ട് അയൽക്കാർ തമ്മിലുള്ള ദേഷ്യം നല്ലകാര്യമല്ലെന്നും ട്രംപ് പറഞ്ഞു. വെടിനിറുത്തൽ കരാറിന് നേതൃത്വം വഹിച്ചത് തന്റെ ഭരണകൂടമാണെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് അത് തങ്ങളുടെ വലിയ വിജയമാണെന്നും അവകാശപ്പെടുന്നത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിറുത്തലുണ്ടായതിൽ സന്തോഷമുണ്ടെന്നും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. മദ്ധ്യസ്ഥതവഹിച്ചത് വലിയ വിജയമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള കോപത്തിന്റെ തോത് ഇനിയും ഉയർന്നിരുന്നെങ്കിൽ അതത്ര നല്ല കാര്യമാവുമായിരുന്നില്ലെന്നും ഗൾഫ് സന്ദർശനം കഴിഞ്ഞ് വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ മാദ്ധ്യമങ്ങളുമായുള്ള ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |