ബംഗളൂരു: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നിറുത്തി വച്ച ഐ.പി.എൽ പതിനെട്ടാം സീസണിലെ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. മതസരങ്ങൾ നിറുത്തിയതനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങൾ തിരിച്ചെത്തി തുടങ്ങി.
ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ആർ.സി.ബിയുടെ തട്ടകമായ ബംഗളൂരവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 8 ജയമുൾപ്പെടെ 16 പോയിന്റമായി ആർ.സി.ബി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള കൊൽക്കത്ത ആറാമതും. ഇന്നത്തെ മത്സരം ജയിച്ച് പ്ലേഓഫിനോട് ഒരുപടി കൂടി അടുക്കാനാണ് ആർ.സി.ബി ലക്ഷ്യം വയക്കുന്നത്. മറുവശത്ത് കെ.കെ.ആറിന് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കാൻ ജയം അനവാര്യമാണ്.
ബംഗളൂരു ടീമിൽ പരിക്കേറ്റ് ദേവ്‌ദത്തിന് പകരം ടീമിലെത്തിയ മായങ്ക് അഗർവാൾ ഇന്ന് കളിക്കാനിറങ്ങുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡിന്റെ അഭാവമാണ് ആർ.സി.ബിയുടെ പ്രധാന തിരച്ചടി. ടീം പ്ലേഓഫിലെത്തിയാൽ ഹേസൽവുഡിനെ തിരിച്ചെത്തിക്കാൻ ആർ.സി.ബി ശ്രമിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ പൂർണമായും പച്ചക്കൊടി കാണിച്ചിട്ടില്ല. മറുവശത്ത് മോയിൻ അലി, റോവ്‌മാൻ പവൽ എന്നിവർ കെ.കെ.ആർ നിരയിൽ ഉണ്ടാകില്ല.
വിരാട് മയം
ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ഇതിഹാസ താരം വിരാട് കൊഹ്‌ലി കളിക്കുന്ന ആദ്യ മത്സരമാകും ഇന്ന ്കെ.കെ.ആറിനെ എതിരെയുള്ളത്. വിരാടിനോടുള്ള ആദരമായി ആരാധകരെല്ലാം അദ്ദേഹത്തിന്റെ 18-ാം നമ്പർ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് കളികാണാനെത്താനാണ് ആർ.സി.ബി ഫാൻ സംഘത്തിന്റെ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്നലത്ത്നെ ചിന്നസ്വാമി സ്റ്റേഡിയതിന് പുറത്തും പരസരത്തുമെല്ലാം ആരാധകർ കൊഹ്ലിയുടെ ജേഴ്‌സി സ്ഥാപിച്ചു കഴിഞ്ഞു.
2015-ലാണ് അവസാനമായി ആർ.സി.ബി കെ.കെ.ആറനെ ചിന്നസ്വാമിയിൽ കീഴടക്കിയത്.
പ്രാഥമിക റൗണ്ടിൽ പൂർത്തിയാകാനുള്ള 13 മത്സരങ്ങൾ മേയ് 27ന് പൂർത്തിയാക്കും. ഫൈനൽ ജൂൺ 3ന്
മായങ്ക് യാദവ് പുറത്ത്
ലക്നൗ: ലക്നൗ സൂപ്പർ ജയ്‌ന്റ്സിനെ പേസ് വിസ്മയം മായങ്ക് യാദവിന് പരിക്കിനെ തുടർന്ന് ഈ സീസൺ മുഴുവൻ നഷ്‌ടമാകും. വീണ്ടും പുറത്തെ പരിക്കിനെ തുടർന്നാണ് മായങ്ക് പുറത്തായത്. ഈ സീസണിലെ ആദയ മത്സരങ്ങളിലും പരിക്കിനെ തുടർന്ന് മായങ്കിന് കളക്കാനായിരുന്നില്ല. ഈ സീസണിൽ രണ്ട് മത്സരങ്ങിൽ മാത്രമേ മായങ്കിന് കളിക്കാനായിരുന്നുള്ളൂ. മായങ്കിന് പകരം ന്യൂസിലാൻഡ് പേസർ വിൽ ഓ റൂർക്കിയെ 3 കോടി രൂപയ്‌ക്ക് ലക്നൗ ടീമിലെത്തിച്ചു. ഐ.പി.എൽ മെഗാലേലത്തിന് മുമ്പ് ലക്‌നൗ നിലനിറുത്തിയ മൂന്ന് താരങ്ങളിൽ ഒരാളാണ് മായങ്ക്.
കമോൺ കരുൺ
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
മുംബയ്: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യൂ ഈശ്വർ നയിക്കുന്ന 18 അംഗടീമിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടരുന്ന മറുനാടൻ മലയാളിയായ കരുൺ നായരും ഇടം നേടി. സർഫ്രാസ് ഖാൻ, ഇഷാൻ കിഷൻ,യശ്വസി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലാണ് വൈസ് ക്യാപ്‌ടൻ. ഇംഗ്ലണ്ട് എക്കെതിരെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇന്ത്യ എ കളിക്കുക.
ശുഭ്‌മാൻ ഗില്ലും സായി സുദർശനും രണ്ടാം മത്സരത്തിന് മുമ്പ് ടീമിനൊപ്പം ചേരും. വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും വിരമിച്ച സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് യുവതാരങ്ങൾക്ക് കഴിവ് തെളിയാക്കാനുള്ള അവസരമാണിത്.
ടീം : അഭിമന്യു ഈശ്വരൻ (ക്യാപ്ടൻ). ധ്രുവ് ജുറൽ (വൈസ് ക്യാപ്‌ടൻ), കരുൺ നായർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സായി സുദർശൻ, മനവ് സുതർ, യശ്വസി ജയ്‌സ്വാൾ, തനുഷ് കോട്ടിയാൻ,മുകേഷ് കുമാർ, തുഷാർ ദേശ്‌പാണ്ടെ, അകശ്‌ദീപ്, ഹർഷ്‌ദുബെ,നിതീഷ് കുമാർ, ഹർഷിത് റാണ,ഷർദു താക്കൂർ,അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |