ബാഴ്‌സലോണ: രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ ലാലിഗ കിരീടം ഉറപ്പിച്ച് സൂപ്പർ ക്ലബ് ബാഴ്‌സലോണ. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എസ്‌പാന്യോളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ ഇത്തവണ കിരീടം ഉറപ്പിച്ചത്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്‌ക്ക് നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 78 പോയിന്റാണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും റയലിന് ബാഴ്‌സയെ മറികടക്കാനാകില്ല. കഴിഞ്ഞ ദിവസം നിർണായകായ എൽ ക്ലാസിക്കോയിൽ റയലിനെ തോൽപ്പിക്കാനായതാണ് ബാഴ്‌സയ്ക്ക് കിരീട വഴിയിൽ നിർണായകമായത്.
ചാമ്പ്യൻസ് ലീഗ് സെമിയിലെ തോൽവിയുടെ സങ്കടം കഴുകികളയുന്നതായി ബാഴ്‌സയ്‌ക്ക് ലാലിഗ കിരീടം.
എസ്പാന്യോളിനെതിരെ രണ്ടാം പകുതിയിലാണ് ബാഴ്‌സയുടെ ഗോളുകൾ വന്നത്. 53-ാം മിനിട്ടിൽ കൗമാര വിസ്‌മയം ലമീൻ യമാലിലൂടെ ലീഡെടുത്ത ബാഴ്‌സ രണ്ടാം പകുതിയുടെ അധികസമയത്ത് (90+6) ഫെർമിൻ ലോപ്പസിലൂടെ വിജയമുറപ്പിച്ചു.
നിഹാൽ സരിനും നാരായണനും ലോകകപ്പ് യോഗ്യത
അൽ അയിൻ (യു.എ.ഇ): ഏഷ്യൻ ചെസ് മത്സരത്തിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ രണ്ടാം സ്ഥാനം നേടി. അടുത്ത ചെസ് ലോകകപ്പിന് യോഗ്യത നേടി. ഏഴാം സ്ഥാനത്തെത്തിയ മറ്റൊരു മലയാളി താരം എസ്.എൽ നാരായണനും ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഇറാന്റെ ബർദിയ ദനേഷ് വറാനാണ് ചാമ്പ്യൻ.
കുസാറ്റ് ചെസ്
കളമശ്ശേരി: 34 മത് കുസാറ്റ് അഖിലേന്ത്യ ഫിഡെ റേറ്റഡ് ചെസ് മത്സരം മേയ് 24 മുതൽ 27 വരെ കുസാറ്റ് സെമിനാർ ഹാളിൽ നടക്കും. ഫോൺ :9446 969126
ഇന്ത്യൻ ഗ്രാൻഡ് പ്രി 2 ഇന്ന്
തിരുവനന്തപുരം: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി 2 മത്സരങ്ങൾ ഇന്ന് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ നടക്കും.
ബ്ലാസ്റ്റേഴ്‌സിന് ലൈസൻസ് നിഷേധിച്ചു
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ 5 ഐ.എസ്.എല്‍ ക്ലബുകള്‍ക്ക് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രീമിയർ വണ്‍ ലൈസന്‍സ് നിഷേധിച്ചു. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സുരക്ഷയില്ലെന്നതുള്‍പ്പെടെ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് നിഷേധിച്ചതെന്നാണ് സൂചന.ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബുകള്‍ക്ക് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനും ദേശീയ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും അവസരമുണ്ട്. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ക്ലബുകള്‍ക്ക് എ.എഫ്.സി ക്ലബ് മത്സരങ്ങളിലും ഐ.എസ്.എലിലും പങ്കെടുക്കാനാകു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |