കൊല്ലം: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കൊല്ലം ആസ്ഥാനമാക്കിയ ഭാരതീയ ഓർത്തഡോക്സ് സഭയിലെ ബിഷപ്പ് ജയിംസ് ജോർജ് രംഗത്ത്. ഇ.ഡി ഉദ്യോഗസ്ഥൻ നേരിട്ടും പിന്നീട് ഇടനിലക്കാർ വഴിയും പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം.
ബിഷപ്പിന്റെ വാദം ഇങ്ങനെ: വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്ന മോഡേൺ ഗ്രൂപ്പ് സ്ഥാപനം വഴി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പേരിൽ 2018ൽ ഇ.ഡി കേസെടുത്തിരുന്നു. ബാങ്ക് വായ്പയായെടുത്ത രണ്ടരക്കോടി നിക്ഷേപമായി കണക്കാക്കിയായിരുന്നു കേസ്. തന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി. ഒരുവർഷം മുമ്പാണ് ഇ.ഡി ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടത്. സമർപ്പിക്കുന്ന രേഖകളൊന്നും അംഗീകരിക്കാതെ തങ്ങൾ ആവശ്യപ്പെട്ടത് വേണമെന്ന് രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. തന്നെയും ഭാര്യയെയും കൊച്ചി ഓഫീസിൽ വിവസ്ത്രരാക്കി ചോദ്യം ചെയ്തു.
നാല് ഗഡുക്കളായി പണം നൽകിയാൽ മതിയെന്ന് ഇടനിലക്കാർ പറഞ്ഞു. 25 ലക്ഷം രൂപയെങ്കിലും ആദ്യഗഡുവായി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇ.ഡി ഡയറക്ടർക്കും സി.ബി.ഐക്കും നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും ജയിംസ് ജോർജ് പറഞ്ഞു. കൊല്ലം കടപ്പാക്കട കേന്ദ്രീകരിച്ച് മോഡേൺ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയിരുന്ന ജയിംസ് ജോർജ് 2010ലാണ് ഭാരതീയ ഓർത്തഡോക്സ് സഭ രൂപീകരിച്ച് ബിഷപ്പ് പദവിയിലേക്ക് എത്തിയത്.
എജന്റ് ചമഞ്ഞവർ
നേരത്തെ കുടുങ്ങി
ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് സമീപിച്ച രണ്ടുപേരെ ഒൻപത് മാസം മുമ്പ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. തിരുവല്ല സ്വദേശി വിപിൻ.പി.വർഗീസ് (39), ആലപ്പുഴ സ്വദേശി ബിനോയ് (41) എന്നിവരാണ് പിടിയിലായത്.
2024 ജൂലായ് 12ന് ഒരാൾ ജയിംസ് ജോർജിനെ ഫോണിൽ വിളിച്ച് എറണാകുളം യൂണിറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് തൃശൂരിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ ഇ.ഡി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കാൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്നും സ്ഥലവും സമയവും അറിയിക്കാമെന്നും പറഞ്ഞു. രണ്ടുപേർ 2024 ആഗസ്റ്റ് 24ന് രാവിലെ കൊല്ലത്തെത്തി. വാട്സ്ആപ്പിൽ 100 രൂപയുടെ നോട്ടിന്റെ ചിത്രം അയച്ചുകൊടുത്തു.
രണ്ടുപേർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ ഉണ്ടെന്നും ഫോണിൽ 100 രൂപയുടെ ഫോട്ടോ കാണിക്കുമ്പോൾ 25 ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. ജയിംസ് ജോർജ് വിവരമറിയിച്ചത് പ്രകാരം എത്തിയ പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടി. സഹായികളായ മറ്റ് മൂന്നുപേരെ കൂടി കേസിൽ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |