ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാദ്ധ്യതയുള്ള ഇന്റർഡിസിപ്ലിനറി മേഖലയാണ് മോളിക്കുലാർ ബയോളജി. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്കുലാർ ബയോളജിയുടെ സാദ്ധ്യതകൾ വളരെ കൂടുതലാണ്. മൈക്രോബയോളജി, മെഡിസിൻ, ഫിസിയോളജി, ഫാർമകോളജി, സൈറ്റോ ജനറ്റിക്‌സ്, ബയോകെമിസ്‌ട്രി, രോഗ നിർണ്ണയം, പുത്തൻ മരുന്നുകളുടെ നിർമ്മാണം, ഫർമക്കോ കൈനറ്റിക്സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി,ജീനോമിക് പഠനം എന്നിവ ചേർന്ന ഒരു സംയോജിത പഠന മേഖലയാണിത്.
മോളിക്യൂലർ ബയോളജിയിൽ ബിരുദ കോഴ്സുകൾ ഇന്ത്യയിൽ കുറവാണ്. ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകളാണേറെയും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മോളിക്യൂലർ ബയോളജിയിൽ ബി. എസ് സി ബിരുദ പ്രോഗ്രാമിന് ചേരാം. ജീവശാസ്ത്രമേഖലയിലെ സുവോളജി,ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോമെഡിക്കൽ സയൻസ്, ഫിസിയോളജി, ഫോറൻസിക് സയൻസ്, വെറ്ററിനറി സയൻസ്, മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിംഗ് മുതലായ കോഴ്സുകൾ പഠിച്ചവർക്കും മോളിക്യൂലാർ ബയോളജിയിൽ രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കാം.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി, കേന്ദ്ര, സംസ്ഥാന, കൽപിത, ഡീംഡ് സർവ്വകലാശാലകൾ, അസീം പ്രേംജി യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി, ബെംഗളൂരു, ഐ. സി. എം. ആർ, ആയുഷ് , ഐ. സി. എ. ആർ , സി. എസ്. ഐ. ആർ, ഐ. വി. ആർ. ഐ, എൻ. ഡി. ആർ. ഐ സ്ഥാപനങ്ങൾ, അമൃത യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്താം. അമൃത യൂണിവേഴ്സിറ്റിയിൽ മോളിക്യൂലർ മെഡിസിൻ, നാനോ മെഡിസിൻ എന്നിവയിൽ ബി. എസ് സി പ്രോഗ്രാമുകളുണ്ട്. കോമൺ യൂണിവേഴ്‌സിറ്റി പ്രവേശനപരീക്ഷയെഴുതി മോളിക്യൂലർ ബിയോളജി ബിരുദ, ബിരുദാനന്തര പഠനം ഇന്ത്യയിൽ നടത്താം.
മോളികുലാർ ബയോളജിക്ക് വിദേശരാജ്യങ്ങളിൽ ഏറെ ഉപരിപഠന സാധ്യതകളുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, യു.കെ, നെതർലൻഡ്‌സ്, കനേഡിയൻ സർവകലാശാലകളിൽ മികച്ച അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളായ ഐ. ഇ. എൽ. ടി. എസ്/ ടോഫെൽ എന്നിവയോടൊപ്പം അമേരിക്കയിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ജി. ആർ. ഇ. സ്കോർ ആവശ്യമാണ്.അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് സാറ്റ്/ എ. സി. ടി സ്കോർ വേണ്ടിവരും. വിദേശ പഠനത്തിനായി നിരവധി സ്കോളർഷിപ്പുകളും, ഫെല്ലോഷിപ്പുകളുമുണ്ട്. എറാസ്മസ് മുണ്ടസ്, ഫുൾബ്രൈറ്റ്, ഫെലിക്സ്, ഡി. എഫ്. ഐ. ഡി, UKIERI സ്കോളർഷിപ്/ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.
തൊഴിൽ സാദ്ധ്യതകൾ
മോളിക്കുലാർ ബയോളജി പഠിച്ചവർക്ക് വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. ഗവേഷണ സ്ഥാപനങ്ങളിൽ സയന്റിസ്റ്റ്, കോളേജ്/ യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകർ, റിസർച്ച് അസോസിയേറ്റ്, വ്യവസായ സ്ഥാപനങ്ങളിൽ ആർ & ഡി യൂണിറ്റുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, മോളിക്കുലാർ ലബോറട്ടറികൾ എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. നിരവധി സ്കിൽ വികസന കോഴ്സുകൾ ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുണ്ട്. ലൈഫ് സയൻസിൽ ബിരുദം, ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്കും മോളിക്കുലാർ ബയോളജിയിൽ ഉപരിപഠനം നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |