സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
പിടിച്ചെടുത്താൽ പത്തിരട്ടി പിഴ
കൊച്ചി: സാധാരണക്കാർ ആശ്രയിക്കുന്ന ഇ-കൊമേഴ്സിൽ വ്യാജ ഉത്പന്നങ്ങൾ പെരുകുന്നതിനെതിരെ നടപടി കടുപ്പിക്കാൻ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്). ഉപഭോക്താക്കളുടെ പരാതികളിൽ പിഴയുൾപ്പെടെ ശിക്ഷ ഉറപ്പാക്കും. വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കും. ഇതിനായി റെയ്ഡുകൾ വ്യാപകമാക്കും. ഉപഭോക്താക്കൾക്ക് ബോധവത്കരണവും നൽകും.
ഇ-കൊമേഴ്സ് വമ്പന്മാരുടെ സംഭരണ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ നിന്നുൾപ്പെടെ കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നാണ് കടുത്ത നടപടിക്ക് തീരുമാനിച്ചത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം 769 ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഐ.എസ്.ഐ, ഹാൾ മാർക്ക്, ബി.ഐ.എസിന്റെ കംപ്ളയൻസ് സർട്ടിഫിക്കറ്റ് എന്നിവ പതിക്കാത്ത ഉത്പന്നങ്ങൾ നിയമവിരുദ്ധമാണ്. ഇവ പിടിച്ചെടുത്താൽ വിലയുടെ പത്തിരട്ടിവരെ പിഴ ചുമത്തും. തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഉത്പന്നങ്ങൾ വ്യാജമല്ലെന്നും നിയമപരമായ സർട്ടിഫിക്കറ്റുകൾ ഉള്ളവയാണെന്നും ഉറപ്പാക്കാൻ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. ഉത്പാദകരെ ബോധവത്കരിക്കാൻ ചെറുകിട, ഇടത്തര, സൂക്ഷ്‌മ വ്യവസായ മന്ത്രാലയം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
നഷ്ടപരിഹാരം ലഭിക്കും
ഉത്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതി ബി.ഐ.എസ് കെയർ ആപ്പിൽ രജിസ്റ്റർ ചെയ്യാം
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാൽ ഉപഭോക്താവിന് നഷ്‌ടപരിഹാരം ലഭിക്കും. ഉപഭോക്തൃ കോടതിയേയും സമീപിക്കാം
ഇ-കൊമേഴ്സ് വഴി വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെങ്കിൽ തിരികെനൽകാം. റിട്ടേൺ വ്യവസ്ഥ വിനിയോഗിക്കണം
അംഗീകൃത സർട്ടിഫിക്കറ്റടക്കം ഇല്ലെങ്കിൽ വ്യാജനായി കണക്കാക്കാം
''ചെറുകിട വ്യാപാരികൾക്ക് ദോഷമായ ഇ-കൊമേഴ്സുകാരുടെ തട്ടിപ്പിനെതിരെ പരാതികൾ നൽകിയെങ്കിലും സർക്കാരുകൾ കർശനനടപടികൾ സ്വീകരിക്കുന്നില്ല-രാജു അപ്‌സര,
ജനറൽ സെക്രട്ടറി,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |