കൊച്ചി: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ബി. ശ്രീകുമാറിനെതിരായ കോടതിഅലക്ഷ്യ ഹർജിയിൽ തുടർനടപടിക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അനുമതി നൽകി. ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം, അഡ്മിനിസ്‌ട്രേറ്റീവ് അംഗം പി.കെ. കേശവൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.എസ്. വിശ്വനാഥ് നൽകിയ കോടതിഅലക്ഷ്യ ഹർജിയിലാണ് നടപടി. ശ്രീകുമാർ നേരിട്ട് ഹാജരാകണം. ഉടൻ വിരമിക്കുന്നത് കണക്കിലെടുത്ത് വീട്ടു മേൽവിലാസം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം 22 ന് വീണ്ടും പരിഗണിക്കും.
എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ടി.വി. ജോമോനെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്ന് ഡയറക്ടർ സ്ഥലം മാറ്റിയിരുന്നു. ഇത് കെ.എ.ടി സ്റ്റേ ചെയ്തതിനാൽ വിശ്വനാഥ് പകരം നിയമനം ലഭിച്ച ഉദ്യോഗസ്ഥയെ ജോലിയിൽ പ്രവേശിപ്പിച്ചില്ല. ജോമോനെ തുടരാനും അനുവദിച്ചു. ഇതിന്റെ പേരിൽ വിശ്വനാഥിന് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശ്വനാഥ് കെ.എ.ടിയെ സമീപിക്കുകയും തുടർനടപടി തടയുകയും ചെയ്തെങ്കിലും ഇതും വകവയ്ക്കാതെ കുറ്റാരോപണ പത്രിക നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |