ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കാശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ നാശനഷ്ടമുണ്ടായവർക്ക് ജമ്മു കാശ്മീർ സർക്കാർ ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. വീടുകൾ നഷ്ടമായവർക്ക് പ്രത്യേക സഹായ ധനം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്റെ അറിയിപ്പ്. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
അടച്ചത് 42 വിനോദസഞ്ചാര കേന്ദ്രങ്ങൾ
ജമ്മു കാശ്മീരിലെ അതിർത്തി മേഖലകളിൽ സംഘർഷ സാഹചര്യമായതോടെ ചെറുതും വലുതുമായ 42 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇടങ്ങളും പൂട്ടിയതോടെ സഞ്ചാരികളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളടക്കം പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |