തിരുവനന്തപുരം: മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിനുള്ള ഫണ്ട് കേന്ദ്രസർക്കാർ കുറച്ചതോടെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ചെലവും പ്രതിസന്ധിയിലായി. നിലവിൽ മൂന്നുകോടിയിലേറെയാണ് വാടകകുടിശിക. കേന്ദ്രഫണ്ട് കുറച്ചതോടെ വാടകത്തുക ഖജനാവിൽ നിന്ന് നൽകേണ്ടിവരും.
മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രതിവർഷം 20 കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. ആയുധങ്ങളും വാഹനങ്ങളും വാങ്ങാനും ഹെലികോപ്ടർ വാടക നൽകാനുമടക്കം ഈ തുകയാണ് ഉപയോഗിച്ചിരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ചതോടെ ഫണ്ട് 75 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്രം നൽകുന്ന തുക ഇനി കമ്മ്യൂണിറ്റി പൊലീസിംഗ്, വോളണ്ടിയർമാരുടെ ചെലവ് എന്നിവയ്ക്കേ ഉപയോഗിക്കാനാവൂ.
പൊലീസിന്റെ ആവശ്യപ്രകാരം വനത്തിൽ മാവോയിസ്റ്റുകളെ നിരീക്ഷിക്കാനാണ് 80 ലക്ഷം മാസവാടകയിൽ നൽകി ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. വി.ഐ.പികൾ ഇടയ്‌ക്ക് പറക്കുന്നതൊഴിച്ചാൽ കാര്യമായ പണിയൊന്നും ഹെലികോപ്ടറിനില്ല. ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിലുള്ള കോപ്ടർ ആവശ്യമുള്ളപ്പോൾ തലസ്ഥാനത്തെത്തും.
മൂന്ന് വർഷത്തെ കാലാവധിയിലാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തിരിക്കുന്നത്. ഈ കാലയളവിൽ കരാർ പ്രകാരം 28.80കോടി നൽകണം. വേണമെങ്കിൽ രണ്ടുവർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.
മാവോയിസ്റ്റ് നിരീക്ഷണം പാളി
മാവോയിസ്റ്റ് നിരീക്ഷണത്തിന് ഹെലികോപ്ടർ പോയപ്പോൾ വനത്തിന്റെ പച്ചപ്പേ കാണാനായുള്ളൂ. ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നു.
രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയിൽ പറക്കാമെന്നാണ് കമ്പനിയുടെ വാദം. എന്നാൽ രാത്രിയിലോ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോപറക്കില്ല. എയർലിഫ്‌റ്രിംഗിനും രക്ഷാദൗത്യങ്ങൾക്കും ഉപയോഗിക്കാനാവില്ല.
വ്യോമനിരീക്ഷണം,വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയ്ക്ക് കോപ്ടർ വേണമെന്നാണ് പൊലീസ് നിലപാട്.
ഇന്ത്യയിലെ മാവോയിസ്റ്റ് ബാധിത ജില്ലകൾ-18
നേരത്തെ ഇത്- 38
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |