തിരുവനന്തപുരം: കാര്യവട്ടം സായി എൽ.എൻ.സി.പി.ഇ വേദിയായ ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ്
വിൽ സ്‌പ്രിന്റിനങ്ങളിൽ ഇരട്ടസ്വർണം നേടി ഒഡീഷ എക്‌സ്പ്രസ് അനിമേഷ് കുജൂർ മിന്നൽപ്പിണരായി. അതേസമയം കേരളാ താരങ്ങൾക്ക് മികച്ചപ്രകടനം പുറത്തെടുക്കാനായില്ല. വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടിയ കെ.സ്‌നേഹയ്‌ക്ക് മാത്രമേ കേരളാ താരങ്ങളിൽ പൊൻതിളക്കമുള്ളൂ.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ എം. അനു
വെള്ളിയും പുരുഷന്മാരുടെ ഈ ഇനത്തിൽ അഖിൽ ബാബുവും 800 മീറ്ററിൽ പ്രിസ്‌കില്ല ഡാനിയേലും വെങ്കം നേടി.
ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ തമിഴ്നാട്ടുകാരിയായ വിത്യ രാംരാജിനെ (23.72 സെക്കന്റ്) രണ്ടാം
സ്ഥാനത്തേക്ക് പിന്തള്ളിയാണ് പേഴ്‌സണൽ ബെസ്റ്റ് പ്രകടനത്തോടെ 23.59 സെക്കൻഡിൽ കോഴിക്കോട് അരിക്കാട് സ്വദേശിയായ സ്‌നേഹ പൊന്നായത്. എന്നാൽ 400 മീറ്റർ ഹർഡിൽസിൽ വിത്യ 57.45
സെക്കന്റിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ 58.41 സെക്കന്റിലായിരുന്നു അനുവിന്റെ സിൽവർ ഫിനിഷ്.
പുരുഷൻമാരുടെ 100,200 മീറ്ററുകളിൽ സുവർണ ഫിനിഷ് നടത്തി രാജ്യത്തിന്റെ പുതിയ വാഗ്‌ദാനം ഒഡിഷക്കാരൻ അനമേഷ് കുജൂർ കാര്യവട്ടത്തെ താരമായി. 100 മീറ്ററിൽ 10.31 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അനിമേഷ് കാര്യവട്ടത്തെ വേഗമേറിയ താരമായത്.
കഴിഞ്ഞ മാസം കൊച്ചിയിൽ സീനിയർ ഫെഡറേഷൻ മീറ്റിൽ 200 മീറ്ററിൽ ദേശീയ റെക്കാഡ് തിരുത്തിയ താരം കാര്യവട്ടത്ത് 20.55 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. സ്‌പ്രിന്റ് ഇനങ്ങളിൽ കേരളാ താരങ്ങൾ പാടെ നിരാശപ്പെടുത്തി. വനിതകളുടെ 100 മീറ്ററിൽ മത്സരിക്കാൻ കേരളത്തിന് ആരുമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |